ന്യൂഡൽഹി: കൊള്ളപ്പലിശ സ്വന്തമാക്കുന്ന പരിപാടികളാണ് കോൺഗ്രസ് എല്ലാക്കാലത്തും ചെയ്യുന്നതെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. ഗൗതം അദാനിയും മുകേഷ് അംബാനിയും കോൺഗ്രസിന് പണം നൽകിയാൽ, അവർക്കെതിരെ സംസാരിക്കുന്നത് പാർട്ടി നിർത്തുമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു വിമർശനം.
കോൺഗ്രസിന്റെ അഴിമതിയെ കുറിച്ചും, കള്ളപ്പണം ഇടപാടുകളെ കുറിച്ചും എല്ലാവർക്കുമുള്ള സംശയങ്ങൾ ഇതോടെ അവസാനിക്കപ്പെട്ടുവെന്നും ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി. ” കുറേ പണം ലഭിച്ചാൽ പാർലമെന്റിലെ ഏത് വിഷയത്തിലും അവർ മിണ്ടാതിരിക്കുമെന്നും, പണം ലഭിച്ചില്ലെങ്കിൽ അവർ ബഹളമുണ്ടാക്കുമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. അവർ ഉദ്ദേശിക്കുന്ന ആളുകൾ അവർക്ക് പണം കൊടുത്താൽ അവർ നിശബ്ദരാകും എന്നത് അവർ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
അഴിമതി നടത്തണം എന്ന് തുറന്ന് പറയുന്ന പാർട്ടിയാണവർ. യുപിഎ ഭരണകാലത്ത് കോൺഗ്രസ് 12 ലക്ഷം രൂപയാണ് അഴിമതിയിലൂടെ ഉണ്ടാക്കിയത്. രാഷ്‌ട്രീയ കൊള്ളയുടെ തുറന്ന വാക്കുകളാണിത്. അവർ പാർലമെന്റിനകത്തും പുറത്തും എന്ത് പറഞ്ഞാലും അത് പണത്തിന് വേണ്ടി മാത്രമാണെന്നും” ഷെഹ്‌സാദ് വിമർശിച്ചു.
അധീർ രഞ്ജൻ ചൗധരിയുടെ അഭിമുഖത്തിന്റെ ഒരു ഭാഗവും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ” അദാനി എനിക്ക് ഒരു ബാഗ് പണം തന്നാൽ മതി. അവർ എനിക്ക് പണം തരാത്തത് കൊണ്ട് ഞാൻ അവർക്കെതിരെ സംസാരിക്കുന്നു. അദാനിയും അംബാനിയും പണം തന്നാൽ പാർട്ടി നിശബ്ദമാകും” എന്നാണ് ഇയാൾ പറയുന്നത്.