ന്യൂഡൽഹി: ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 400ലധികം സീറ്റുകൾ സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ലക്ഷ്യം വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, അത് വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
” രാജ്യത്ത് 140 കോടി ജനങ്ങളാണുള്ളത്. സ്ത്രീകളും, യുവാക്കളും, ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം നിർണായകവും ഏറെ പ്രാധാന്യമർഹിക്കുന്നതുമായ പ്രക്രിയയിൽ പങ്കാളിയാവുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതിൽ അവർ മുൻകയ്യെടുക്കുന്നത് ഏറെ പ്രശംസനീയമാണ്. ആദ്യ മൂന്ന് ഘട്ടത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ 400 സീറ്റുകൾ എന്നത് എൻഡിഎ സഖ്യത്തെ സംബന്ധിച്ച് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. അത് യാഥാർത്ഥ്യമാകാൻ പോകുന്ന കാര്യമാണെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കും.
എൻഡിഎയ്ക്ക് 400 സീറ്റുകൾ ലഭിക്കില്ല എന്ന പ്രതിപക്ഷ ആരോപണം പരിഹാസ്യമാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവ് മത്സരിക്കാൻ തയ്യാറാകാതെ നേരെ രാജ്യസഭയിലേക്ക് പോയിരിക്കുകയാണ്. രണ്ടാമത്തെ സീറ്റിൽ മത്സരിക്കുന്നതോടെ വയനാട്ടിൽ നിന്നും മുങ്ങാനാണ് അടുത്ത നേതാവ് നോക്കുന്നത്. അമേഠിയിൽ മത്സരിക്കാൻ അയാൾക്ക് ധൈര്യമില്ല. ഞാൻ നേരത്തെ പറഞ്ഞതെല്ലാം സത്യമായിരിക്കുകയാണ്.ജനങ്ങളെ സേവിക്കുക എന്നതിലല്ല അവരുടെ ശ്രദ്ധ. അതിന് അവർക്ക് താത്പര്യവുമില്ല. സ്വന്തം കുടുംബത്തിൽ മാത്രമാണ് അവർക്ക് എല്ലാക്കാലത്തും താത്പര്യം. രാജ്യത്തെക്കുറിച്ച് ഇക്കൂട്ടർ ഒരു കാലത്തും ചിന്തിക്കുന്നില്ലെന്നും” പ്രധാനമന്ത്രി വിമർശിച്ചു.















