ആർ.സി.ബി പ്ലേഓഫ് കളിക്കുമോ ഇല്ലയോ എന്നതാണ് ഐപിഎല്ലിൽ ഉയരുന്ന പ്രധാന ചർച്ചാ വിഷയം. ആദ്യ എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു തേൽവിയും ഒരു ജയവും നേടിയ ബെംഗളൂരു അടുത്ത അഞ്ചു മത്സരങ്ങൾ തുടരെ ജയിച്ചാണ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. ഇനി ഒരു ഗ്രൂപ്പ് ഘട്ട മത്സരം മാത്രമാണ് ഫാഫിനും ടീമിനും അവശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയാണ് എതിരാളികൾ. അവരുടെയും അവസാന ലീഗ് മത്സരമാണിത്. ഇതിൽ ചെന്നൈയെ 18 റൺസിനോ അതിന് മുകളിലോ തോൽപ്പിക്കുകയോ വേണം. ഇനി ചേസിംഗിൽ ചെന്നൈ 201 റൺസിന്റെ വിജയലക്ഷ്യം മുന്നിൽ വച്ചാൽ 18.1 ഓവറിൽ ആർ.സി.ബി അത് മറികടക്കണം.
അതുമാത്രം പോര പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ. എസ്.ആർ.എച്ച് അടുത്ത രണ്ടുമത്സരങ്ങളിൽ തോൽക്കണം. അങ്ങനെ തോറ്റാൽ അവർ 14 പോയിന്റിൽ തന്നെ തുടരും. ഇത് ആർ.സി.ബി അടക്കമുള്ള ടീമുകൾക്ക് ഗുണം ചെയ്യും. ഇനി അവർ ഒരു മത്സരത്തിൽ ജയിച്ചാൽ ആർ.സി.ബി, സി.എസ്.കെ, ഡി.സി, എൽ.എസ്.ജി, ജി.ടി എന്നിവരുടെ പ്ലേ ഓഫ് സ്വപ്നങ്ങളിൽ ആ വിജയം കരിനിഴൽ വീഴ്‌ത്തും.
കാരണം നിലവിൽ എസ്.ആർ.എച്ചിന് 14 പോയിന്റും നല്ല റൺറേറ്റമുണ്ട്. അതേസമയം ലക്നൗവിന് -0.769 ആണ് റൺറേറ്റ്. ഇതാണ് അവരുടെ വെല്ലുവിളി. അവർ അവസാന മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ചെന്നൈ ബെംഗളൂരു മത്സരം നോക്കൗട്ടായി മാറുകയും ചെയ്യും.