ലക്‌നൗ: കുരങ്ങൻ കുറുകെ ചാടിയതിനെ തുടർന്ന് കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ മൊറാദാബാദ്- അലിഗഡ് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. ആക്‌സിസ് ബാങ്ക് ജീവനക്കാരായ സൗരഭ് ശ്രീവാസ്തവ, ദിവ്യാൻഷു, അമിത് എന്നിവരാണ് മരിച്ചത്.
യാത്ര ചെയ്യുന്നതിനിടെ ഇവരുടെ കാറിനു മുന്നിലേക്ക് കുരങ്ങ് ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിച്ചു. ടാങ്കർ അമിത വേഗതയിലാണ് വന്നതെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ സൗരഭും, ദിവ്യാൻഷുവും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
അമിതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അപകടത്തിന് പിന്നിൽ ടാങ്കറിന്റെ അമിത വേഗതയാണോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.