ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ മർദ്ദിച്ചെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പി.എ ബൈഭാവ് കുമാർ തന്നെ മർദ്ദിച്ചുവെന്നാണ് മലിവാൾ ആരോപിക്കുന്നത്.
മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്‌രിവാളിനെ കാണാനായി വസതിയിലെത്തിയതായിരുന്നു സ്വാതി മലിവാൾ. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ലെന്നും മന്ത്രിയുടെ പി.എ തന്നെ മർദ്ദിച്ചെന്നും മലിവാൾ പറഞ്ഞു. ഇതോടെ മലിവാൾ തന്നെയാണ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി അറിയിച്ചത്.
എന്നാൽ പൊലീസെത്തിയപ്പോൾ മലിവാളിനെ കാണാനില്ലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. സംഭവം നാണക്കേടാണെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജെപിയുടെ ന്യൂഡൽഹി സ്ഥാനാർത്ഥി ബൻസുരി സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരിക്കെയാണ് ഇത്തരം അതിക്രമം നേരിടേണ്ടി വന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മലിവാളിൽ നിന്ന് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പരാതി നൽകാനെത്തിയെങ്കിലും എഫ്ഐആർ ഫയൽ ചെയ്യണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് വേണമെന്ന് ആയിരുന്നു പൊലീസിന്റെ നിലപാട്.
സംഭവത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് ഷാസിയ ഇൽമി രംഗത്തെത്തി. ആം ആദ്മിയിലെ നേതാക്കളിൽ നിന്ന് സമാനമായ അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടെന്നും ഇതാദ്യത്തെ സംഭവമല്ലെന്നും അവർ കുറ്റപ്പെടുത്തി. 2018ൽ കെജ്‌രിവാളിന്റെ വസതിയിൽ വച്ച് മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശും സമാനമായ ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നുവെന്ന് ഷാസിയ പറഞ്ഞു.