ലക്നൗ: വാരണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കിലോമീറ്റർ മെഗാ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഇന്ന് മണ്ഡലത്തിലെത്തിയത്.
ബനാറസ് ഹിന്ദു സർവകാലാശാലയിലെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി റോഡ്ഷോ ആരംഭിച്ചത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ മറ്റ് നേതാക്കളും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. സ്ത്രീകളുടെ നൃത്തവും മറ്റ് പരിപാടികളും റോഡ്ഷോയുടെ ഭാഗമായി ഉണ്ടായിരുന്നു. പാർട്ടി കൊടിയുമേന്തിയാണ് പുരുഷന്മാർ റോഡ്ഷോയിൽ പങ്കെടുത്തത്. അഞ്ച് കിലോമീറ്ററിനിടെ നൂറിടത്ത് അദ്ദേഹത്തിന് പ്രത്യേക സ്വീകരണം നൽകിയിരുന്നു. റോഡ്ഷോയ്‌ക്ക് പിന്നാലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പ്രധാനമന്ത്രി നടത്തി.
നാളെയാണ് പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. 2014, 19 വർഷങ്ങളിൽ വൻ ഭൂരിപക്ഷത്തോടെയാണ് പ്രധാനമന്ത്രി മണ്ഡലത്തിൽ വിജയം കൈവരിച്ചത്. അദ്ധ്യക്ഷൻ അജയ് റായ് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. മൂന്നാം തവണയാണ് അജയ് പ്രധാനമന്ത്രിയുമായി ഏറ്റുമുട്ടുന്നത്.