കൊൽക്കത്ത: നാലാം ഘട്ട പോളിംഗിനിടെ പശ്ചിമബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമം. ബിജെപി സ്ഥാനാർത്ഥി ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകൾ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഉൾപ്പെടെ പരിക്കുപറ്റി.
വോട്ടെടുപ്പിനെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിക്കാൻ കൽന ഗേറ്റിലെ പോളിംഗ് ബൂത്തിലെത്തിയ ദിലീപ് ഘോഷിനെ തൃണമൂൽ ഗുണ്ടകൾ തടയുകയായിരുന്നു. ഗോ ബാക്ക് വിളികളുമായി ദിലീപ് ഘോഷിനെ വളഞ്ഞ തൃണമൂൽ പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ചില വാഹനങ്ങൾക്കും കല്ലേറിൽ കേടുപാടുണ്ടായി. ഇതിനിടയിലാണ് ദിലീപ് ഘോഷിന് ഒപ്പുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്.
നേരത്തെ ബർദ്ദ്മാൻ – ദുർഗാപൂർ മണ്ഡലത്തിലെ പലയിടങ്ങളിലും തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചിരുന്നു. ബിജെപി ഏജന്റുമാരെ പോളിംഗ് ബൂത്തിലേക്ക് കടക്കാൻ പോലും തൃണമൂൽ ഗുണ്ടകൾ അനുവദിച്ചില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് അക്രമങ്ങളുമായി ബന്ധപ്പെട്ട് 1,100 ഓളം പരാതികളാണ് നാലാംഘട്ടത്തിൽ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.