മുംബൈ: കനത്ത മഴയെ തുടർന്ന് ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് 14 പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും ഇരുവരും എക്‌സിൽ കുറിച്ചു.
” മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണ് നിരവധി അപകടങ്ങൾ സംഭവിച്ചെന്ന വാർത്ത അങ്ങേയറ്റം സങ്കടകരമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടന്ന് സുഖം പ്രാപിക്കാനും കുടുങ്ങി കിടക്കുന്നവരെ വേഗം രക്ഷപ്പെടുത്താനും സാധിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.
ദാരുണ സംഭവം ദുഃഖമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിച്ച് ആശുപത്രി വിടട്ടെയന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ കുറിച്ചു. ഘാട്‌കോപ്പറിൽ നടന്നത് അതിദാരുണ സംഭവമാണെന്നും മരിച്ചവരുടെ കുടുംബത്തിന് വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് ഘാ്‌കോപ്പറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലൂടെ തകർന്ന് വീണ്ടത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. 60ലധികം ആളുകൾക്ക് പരിക്കുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.















