മുസാഫർബാദ്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങളും പാക് സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ജനങ്ങളുടെ പ്രക്ഷോഭം അടിച്ചമർത്താൻ പാക് സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വെടിവെപ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിവീശിയും പാകിസ്താനിലെ അർദ്ധസൈനിക വിഭാഗമായ പാകിസ്താനി റേഞ്ചേഴ്സ് നടത്തിയ നരനായാട്ടിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഭക്ഷണത്തിനും ഇന്ധനത്തിനും മറ്റ് സാധനങ്ങൾക്കും വിലക്കയറ്റമുണ്ടായതിനിടെ പാക് ഭരണകൂടം കൊള്ളനികുതി കൂടി ചുമത്തിയതോടെയായിരുന്നു പ്രക്ഷോഭവുമായി പാക് അധീന കശ്മീരികൾ തെരുവിലിറങ്ങിയത്. പാകിസ്താനെതിരെ ആസാദി മുദ്രാവാക്യങ്ങളുമായി കടുത്ത പ്രക്ഷോഭം ഉയർത്തുകയാണ് ജനങ്ങൾ. സുരക്ഷാസേനയുടെ അടിച്ചമർത്തലിനെ നേരിടാൻ ഗത്യന്തരമില്ലാതെ ജനങ്ങൾ പ്രതികരിച്ച് തുടങ്ങി. സുരക്ഷാസേനയുടെ വാഹനങ്ങൾ പ്രക്ഷോഭകർ തകർത്തു.
വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെയും ഗോതമ്പ് പൊടിയുടെ വിലവർദ്ധനവിനെതിരെയും ഏകദേശം ഒരു വർഷം മുൻപ് മുതൽ പാക് അധീന കശ്മീരിലെ ജനങ്ങൾ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് 10 മുതലാണ് പ്രക്ഷോഭങ്ങൾ കൂടുതൽ വഷളായത്. നിലവിൽ പാക് അധീന കശ്മീരിലെ ജനജീവിതം താറുമാറായ അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനരഹിതമാണ്. ബാങ്കുകൾ അടക്കമുള്ളവയുടെ സേനങ്ങളും നിലച്ചു. തലസ്ഥാനമായ മുസാഫർബാദിലാണ് സ്ഥിതിഗതികൾ ഏറ്റവും രൂക്ഷമായി തുടരുന്നത്. പാക് ഭരണകൂടത്തിൽ നിന്നും മോചനം വേണമെന്നും ഇന്ത്യയോടൊപ്പം ചേരണമെന്നുമാണ് ഭൂരിഭാഗം കശ്മീരികളുടെയും ആവശ്യം.















