ഇടുക്കി: ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസ് അതിജീവിതയാണ് മരിച്ചത്. പെൺകുട്ടിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകളോടെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പെൺകുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അമ്മയും ഇവരുടെ സഹോദരിയും വീട്ടിൽ തിരിച്ചെത്തിയിട്ടും മുറിക്കുള്ളിൽ നിന്ന് പെൺകുട്ടി പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കൊണ്ട് അമർത്തിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
രണ്ട് വർഷം മുമ്പാണ് പെൺകുട്ടി പോക്‌സോ കേസിന് ഇരയായത്. ഇതിൽ പ്രതികളായവർ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.















