ആരോഗ്യമുള്ള ശരീരത്തിനായി ഇന്ത്യക്കാർ പിന്തുടരേണ്ട 17 ആഹാരക്രമീകരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു ICMR നിർദേശങ്ങൾ നൽകിയത്. ഇന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ചായയും കാപ്പിയും കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും ദിവസേന ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. ചായയിലും കാപ്പിയിലും കഫീൻ എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. ചായ/കാപ്പി കുടിക്കുമ്പോൾ ഉന്മേഷം ലഭിക്കുകയും വീണ്ടും വീണ്ടും കുടിക്കണമെന്ന് തോന്നുകയും ചെയ്യാൻ കഫീൻ കാരണമാകുന്നുവെന്നും ICMR ചൂണ്ടിക്കാട്ടി.
ചായയും കാപ്പിയും പൂർണമായും ഒഴിവാക്കണമെന്ന് ICMR ആവശ്യപ്പെടുന്നില്ലെങ്കിലും ഇവ കുടിക്കുന്നതിൽ അൽപം നിയന്ത്രണം വെയ്‌ക്കണമെന്നും അതിലടങ്ങിയിരിക്കുന്ന കഫീന്റെ അളവിനെക്കുറിച്ച് ധാരണയുണ്ടാകണമെന്നുമാണ് ICMR നിർദേശിക്കുന്നത്.
150 മില്ലി ലിറ്റർ കോഫിയിൽ 80-120 മില്ലിഗ്രാം വരെ കഫീൻ ഉണ്ടാകാം. ഇൻസ്റ്റന്റ് കോഫിയിലാണെങ്കിൽ 50–65 മില്ലിഗ്രാം കഫീനും അടങ്ങിയിരിക്കും. ചായയിലാണെങ്കിൽ 30–65 മില്ലി ഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് ICMR നിർദേശം. ചായ കുടിച്ച് ഒരു മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ഭക്ഷണം (LUNCH/DINNER) കഴിക്കാവൂ.. അതുപോലെ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനിടയിലും ചായ കുടിക്കാൻ പാടുള്ളതല്ല. കാരണം ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ (tannin) എന്ന രാസപദാർത്ഥം ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിന്റെ അംശങ്ങളെ ആഗിരണം ചെയ്യും. ശരീരത്തിന് കിട്ടേണ്ട അയേൺ ഇതുവഴി ലഭിക്കാതെ പോവുകയും ചെയ്യും. അതുകൊണ്ടാണ് ചായ കുടിച്ചതിന് തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കരുതെന്നും അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷം ചായ കുടിക്കരുതെന്നും പറയുന്നത്.