സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ഡൽഹിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് ഭീഷണി സന്ദേശമെത്തിയത്. നേരത്തെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം തകർക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. രാഷ്‌ട്രീയക്കാരടക്കം നിരവധി പ്രമുഖ തടവുകാരുള്ള തിഹാർ ജയലിൽ അതീവ സുരക്ഷാ മേഖലയാണ്. ഭീഷണി സന്ദേശം ലഭിച്ച കാര്യം ജയിൽ അഡ്മിനിസ്ട്രേഷൻ ഡൽഹി പൊലീസിനെ അറിയിച്ചു. ഇതിനൊപ്പം ജയിലിൽ പരിശോധനയും നടത്തി.
ഇതിനൊപ്പം നാലു ആശുപത്രികളിലും ഭീഷണി ഇ-മെയിൽ സന്ദേശമെത്തി. ജിടിബി,ദാദദേവ്, ഹെഡ്ഗേവർ,ദീപ് ചന്ദ്ര ബന്ധു എന്നീ ആശുപത്രികളിലാണ് സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡും പൊലീസ് സംഘവും ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയില്ല.
മേയ് 12ന് 20 ആശുപത്രികളിലേക്കാണ് സ്ഫോടന ഭീഷണി എത്തിയത്. ഇതിന് മുൻപ് 100 സ്കൂളുകളിലും ഭീഷണി സന്ദേശമെത്തിയിരുന്നു. പാകിസ്താനാണ് ഇതിന്റെ ഉറവിടമെന്നും ഇസ്ലാമിക് സ്റ്റേറ്റാണ് സന്ദേശമയച്ചതെന്നും വിവരങ്ങളുണ്ടായിരുന്നു.