ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് പട്ടികയിലെ ആദ്യപേരുകാരൻ. മൂന്നര വർഷത്തേ കാലാവധിയിൽ മൂന്ന് ഫോർമാറ്റിലേക്കും ഒരു പരിശീലകനെയാണ് നിയമിക്കുന്നത്. ഇതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക കുപ്പായം അഴിക്കും. മെയ് 27 വരെ അപേക്ഷിക്കാം.
49-കാരനായ ലക്ഷ്മണാണ് ദ്രാവിഡിന്റെ അവധിയിൽ ഇന്ത്യൻ സീനിയർ ടീമിനെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്വർണം നേടിയിരുന്നു.ഇന്ത്യയുടെ ചില പരമ്പരകളിലും ലക്ഷ്മൺ ആയിരുന്നു പരിശീലകൻ. അതിനാൽ നിലവിലെ കളിക്കാരുമായി ഊഷ്മള ബന്ധമുള്ളയാളാണ് അദ്ദേഹം. ഈയൊരു ഘടകം താരത്തിന് അല്പം മുൻഗണന നൽകുന്നു.
ക്യാപ്റ്റനായി ഐപിഎല്ലിലെ രണ്ടുതവണയുള്ള കിരീട നേട്ടം. ലക്നൗ സൂപ്പർ ജയൻ്റ്സിനൊപ്പം പരിശീലക കുപ്പായത്തിലും തിളങ്ങി. രണ്ടു തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ചതും ഗൗതം ഗംഭീറിനെ പരിശീലക പട്ടികയിൽ ഉൾപ്പെടുത്തുന്നു. കെ.കെ.ആറിനെ ഇത്തവണയും പ്ലേ ഓഫിലെത്തിക്കാൻ ഗംഭീർ അടങ്ങുന്ന പരിശീലക സംഘത്തിന് കഴിഞ്ഞു. അതേസമയം താരം അപേക്ഷിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. കെ.കെ.ആറുമായുള്ള അടുപ്പവും ടീം ഉടമ ഷാരൂഖ് ഖാനുമായുള്ള ബന്ധവും താരത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് സൂചന.
ആഷസും ടി20 ലോകകപ്പും നേടിയ ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്നു ജസ്റ്റിൻ ലാംഗർ അപേക്ഷിക്കുമെന്ന കാര്യം ഉറപ്പ്. ഇന്ത്യൻ പരിശീലകനാകാൻ ഏറെ താത്പ്പര്യമുണ്ടെന്നും അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ലക്നൗവിന്റെ പരിശീലകനാണ് അദ്ദേഹം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് അസാധാരണ അനുഭവമായിരിക്കുമെന്നും ലാംഗർ അഭിമുഖത്തിൽ വ്യക്തമാക്കി.വിദേശ പരിശീലകനെ പരിഗണിച്ചാൽ മുൻ ഓസ്ട്രേലിയക്കാരനാകും നറുക്ക് വീഴുക.