ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ വൻ മതിലായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ. എന്നാൽ എല്ലാ അഴിമതിക്കാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ ജനങ്ങൾ തുടച്ചു നീക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” അഴിമതി നടത്തി പണം സമ്പാദിക്കുകയെന്നതാണ് കെജ്‌രിവാളിന്റെ ലക്ഷ്യം. അവരുടെ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും മുറുകെ പിടിക്കാനാണ് കെജ്‌രിവാൾ സഖ്യമുണ്ടാക്കിയതെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചത്. എന്നാൽ ഇന്ന് സത്യം പുറത്തായിരിക്കുന്നു. ഒരുമിച്ച് ജയിലിൽ പോകുന്നത് എങ്ങനെയെങ്കിലും തടയാനാണ് അവർ സഖ്യം രൂപീകരിച്ചത്. ജയിലിൽ പോകുമെന്ന് അറിഞ്ഞപ്പോൾ ആം ആദ്മി ഭയന്നു. ജയിലിലെത്തിയ ശേഷം വേഗത്തിൽ പുറത്തിറങ്ങുന്നതിനായി കെജ്‌രിവാൾ ആരോഗ്യപ്രശ്‌നങ്ങൾ വരുന്നതിനായി പ്രമേഹം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു. വണ്ണം കുറയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ ഇനി ഇത്തരം കള്ളത്തരങ്ങളിൽ ജനങ്ങൾ വീഴില്ല, അവർക്ക് സത്യം മനസിലായി തുടങ്ങിയിരിക്കുന്നു.”- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മദ്യനയ കുംഭകോണം നിസാരമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയുടെ ഒരു വൻ മതിലായി കെജ്‌രിവാൾ മാറിയെന്നതിന്റെ തെളിവാണിത്. ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയും ഇതു തന്നെയാണ്. ആം ആദ്മി ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള അഴിമതികൾ ഇനിയുമുണ്ടാവുമെന്നും എന്നാൽ അതിനുള്ള അവസരം ജനങ്ങൾ നൽകാതെ ശ്രദ്ധിക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.