കാസർകോഡ്: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ ശേഷം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. പന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കുട്ടിയുടെ മുത്തശ്ശൻ പശുവിനെ കറക്കുന്നതിനായി പോയപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മുത്തശ്ശൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഇതോടെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിനോട് ചേർന്ന സ്ഥലത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ സ്വർണക്കമ്മൽ മോഷണം പോയിട്ടുണ്ട്. കഴുത്തിനും കണ്ണിനും പരിക്കേറ്റ നിലയിലാണ്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.