പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിനെ ഒരു ചെറിയ പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” പശ്ചിമ ബംഗാളിനെ ഇന്ത്യയിലുള്ള പാകിസ്താനാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നത്. എന്നാൽ ഇതിന് ബിജെപി സമ്മതിക്കില്ലെന്ന് മമതയ്‌ക്ക് നന്നായി അറിയാം. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമവും, ഏകീകൃത സിവിൽ കോഡും പശ്ചിമ ബംഗാളിൽ നടപ്പിലാക്കും. ഇതോടെ മമതയുടെ ‘കിം ജോങിനെ’ പോലുള്ള ഏകാധിപത്യ ഭരണത്തിന് അവസാനമാകും.”- ഗിരിരാജ് സിംഗ് പറഞ്ഞു.
കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെയും ഗിരിരാജ് സിംഗ് പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കൊപ്പമാണെന്ന് രാഹുലും ലാലു യാദവും പറയുമെങ്കിലും സത്യം അങ്ങനെയല്ലെന്നും അവർ ദരിദ്രരെ പറഞ്ഞു വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനർഹരായവർക്ക് സംവരണം നൽകി വോട്ട്ബാങ്ക് സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ഗിരിരാജ് സിംഗ് തുറന്നടിച്ചു.















