ഹാലാസ്യനാഥൻ ഒരു മുക്കുവ കന്യകയെ പരിണയിച്ച ലീലയാണ് ഇത്. വേദ വേദ്യനായ ശിവൻ മീനാക്ഷി ദേവിയോട് വേദാർത്ഥങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ ദേവി അത്ര ശ്രദ്ധിച്ചില്ല. അശ്രദ്ധയോടുകൂടി ശ്രവിച്ചത് കൊണ്ട് ദേവിയെ ഭഗവാൻ ശപിച്ചു. പുത്രനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ദേവി ഞാൻ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചില്ല. വേദാന്ത വാക്യാർത്ഥം ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഭൂമിയിൽ സുധർമൻ എന്ന മുക്കുവ ഭക്തന്റെ പുത്രിയായി ജീവിക്കും.
ഈ ശാപം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ഗണപതി ഭഗവാന്റെ സമീപത്തുള്ള പുസ്തകങ്ങൾ സമുദ്രത്തിൽ എറിഞ്ഞു .ശപിക്കപ്പെട്ട മാതാവിനെ കണ്ടപ്പോൾ സുബ്രഹ്മണ്യൻ ഓടിയെത്തി. പിതാവിനോട് ഇങ്ങനെ പറഞ്ഞു ജ്ഞാനോപദേശം ചെയ്യുമ്പോൾ കേൾക്കുന്നവർ അശ്രദ്ധ കാണിക്കുന്നത് സാധാരണയാണ്. അതുകൊണ്ട് മാതാവിനെ കോപത്തോടുകൂടി ശപിച്ചത് കഷ്ടമാണ്. ഇങ്ങനെ പറഞ്ഞതിനുശേഷം പിതാവിന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം വലിച്ചെടുത്ത് കളഞ്ഞു.അപ്പോൾ മഹേശ്വരൻ ക്രുദ്ധനായി പുത്രനെയും ശപിച്ചു. മൂകനായി ജീവിക്കുവാൻ ഇടയാകും എന്ന ശാപമാണ് പുത്രന് നൽകിയത്. ഈ സന്ദർഭത്തിൽ നന്ദിയും അവിടെ വന്നുചേർന്നു. സമുദ്രത്തിൽ മത്സ്യമായി വസിക്കുവാനുള്ള ശാപം നന്ദിക്കും നൽകി.ഈ കർമ്മങ്ങളെല്ലാം സംഭവിച്ചത് ഭഗവാന്റെ ലീലാപൂർത്തീകരണത്തിന് വേണ്ടിയാണ്.
രുദ്ര ശാപത്താൽ സുബ്രഹ്മണ്യൻ മധുരയിൽ ജനിച്ചു. മൂകബാലനായ അദ്ദേഹം രുദ്ര ശർമൻ എന്ന പേരിലാണ് അറിയപ്പെട്ടത്. നന്ദി ഒരു വലിയ മത്സ്യമായി ഭവിച്ചു. സമുദ്രത്തിലേക്ക് എറിയപ്പെട്ട പുസ്തകങ്ങൾ ഉദരത്തിലാക്കി ശാപമോചനത്തിനായി ശങ്കരപാദങ്ങളെ ധ്യാനിച്ചു വസിച്ചു. വൻകടലിന്റെ തീരത്ത് വസിക്കുന്ന ശിവഭക്തനായ സുധർമൻ എന്ന മുക്കുവൻ ഒരു ദിവസം വല വീശിയപ്പോൾ മത്സ്യങ്ങളോടൊപ്പം ഒരു വലംപിരിശംഖ് കിട്ടി. അത് കയ്യിലെടുത്തപ്പോൾ ഒരു സുന്ദരിയായ കന്യക ആവിർഭവിച്ചു.
ഈ അത്ഭുതം കണ്ടപ്പോൾ മുക്കുവൻ അതിയായ സന്തോഷത്തോടുകൂടി കന്യകയെ പത്നിക്ക് നൽകി. പുത്ര ഭാഗ്യം ലഭിക്കാത്ത തനിക്ക് ദേവി ഒരു പുത്രിയെ തന്നതാണെന്ന് വിചാരിച്ച് മുക്കുവപത്നി സന്തോഷിച്ചു. പുത്രിയെ അവർ പശുവിൻ പാൽ കൊടുത്ത വളർത്തി. ശാപത്താൽ മുക്കുവപത്രിയായി ജനിച്ച മഹേശ്വരി പെട്ടെന്ന് രൂപ സൗഭാഗ്യത്തോടുകൂടി വളർന്നു.. കേവലം 10 ദിവസം കൊണ്ട് യൗവനാവസ്ഥയെ പ്രാപിച്ചു ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. മീനാക്ഷി ദേവിയുടെ വേർപാട് സുന്ദരേശ്വരന് അസഹ്യമായി തോന്നിയതുകൊണ്ട് ഭഗവാൻ ഒരു മുക്കുവരൂപത്തിൽ ദേവി വസിക്കുന്ന ഭവനത്തിൽ എത്തി ഗൃഹനാഥനായ മുക്കുവനോട് താൻ അങ്ങയുടെ പുത്രിയെ പരിണയിക്കുവാൻ ആഗ്രഹിക്കുന്നു അതിന് അങ്ങ് അനുവദിക്കണം എന്നു പറഞ്ഞു. എന്നാൽ ലേശം ചിന്തിച്ചശേഷം സുധർമൻ ആഗതനായ മുക്കുവനോട് അങ്ങ് ആരാണെന്നും അങ്ങയുടെ വിവരങ്ങൾ വെളിപ്പെടുത്തുവാനും പറഞ്ഞു.
താൻ മധുരാപുരിയിലെ മുക്കുവരാജാവിന്റെ പുത്രനാണെന്നും, പരിപാലിക്കുന്നതിനും സംഹരിക്കുന്നതിനും തനിക്ക് ശക്തിയുണ്ടെന്നും അങ്ങയുടെ പുത്രിക്ക് അനുരൂപനായ എനിക്ക് പുത്രിയെ നൽകണമെന്നും അയാൾ പറഞ്ഞു. പിതാവ് പുത്രിയെ അദ്ദേഹത്തിന് നൽകണമെന്ന് ആഗ്രഹിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശക്തി തെളിയിക്കണമെന്ന് പറഞ്ഞു സുന്ദരൻ സ്വന്തം കഴുത്തിൽ ധരിച്ചിട്ടുള്ളതും മൂന്നു ഗുണങ്ങളോടുകൂടിയതും മായാമയവുമായ സ്വന്തം വല കയ്യിൽ എടുത്ത് ഇങ്ങനെ പറഞ്ഞു
“ഈ വല എനിക്ക് മാത്രമേ എടുക്കുവാൻ കഴിയുള്ളൂ..!! മറ്റുള്ളവർ വിചാരിച്ചാൽ ഈ വല ഇളക്കാൻ കഴിയുകയില്ല. സമുദ്രത്തിൽ വലിയ മത്സ്യം ഉള്ളത് എവിടെയാണെന്ന് അറിയിച്ചാൽ ഞാനിപ്പോൾ പിടിച്ചു കൊണ്ടുവരാം. സർവജ്ഞൻ ആണെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ മുക്കുവൻ പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്നവർ അത്ഭുതപ്പെട്ടു കന്യകയുടെ പിതാവ് ഇങ്ങനെ പറഞ്ഞു സമുദ്രത്തിൽ അനേകം മത്സ്യങ്ങൾ ഉണ്ട് അവയുടെ കൂട്ടത്തിൽ മലപോലെ ഒരു വലിയ മത്സ്യമുണ്ട് അത് പുസ്തകങ്ങൾ തിന്നുകൊണ്ട് പലയിടത്തും ഓടുന്നു അതിന്റെ പല്ലുകൾ കൊണ്ട് കപ്പലിന് കേടുപാടുകൾ സംഭവിക്കുന്നു ആ മത്സ്യത്തെ പിടിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും പുത്രിയെ നൽകാം.
ഉടനെ തന്നെ വലയും എടുത്തുകൊണ്ട് മുക്കുവരൂപം പ്രാപിച്ച മഹാദേവനും മറ്റു മുക്കുവന്മാരും സമുദ്രതീരത്ത് എത്തി. മത്സ്യത്തെ മറ്റുള്ളവർ കാണിച്ചുകൊടുത്തു. ശാപം നിമിത്തം മത്സ്യരൂപം സ്വീകരിച്ച നന്ദിയായിരുന്നു അത് എന്ന് മഹേശ്വരന് മനസ്സിലായി. മഹേശ്വരൻ വല വീശിയപ്പോൾ മത്സ്യം വലയിൽ അകപ്പെട്ടു. ഉടൻ തന്നെ വല വലിച്ചു കയറ്റി. ഭഗവാൻ കൈകൊണ്ട് സ്പർശിച്ചപ്പോൾ മത്സ്യം ആ രൂപം മാറി യഥാർത്ഥ രൂപം സ്വീകരിച്ചു. ശങ്കര ഭഗവാന്റെ സ്പർശനവും നോട്ടവും ഉണ്ടായപ്പോൾ നന്ദിയുടെ ശാപ സങ്കടം മാറുകയും ഭഗവാനെ സ്തുതിക്കുകയും ചെയ്തു.. എല്ലാവരും കൂടി മുക്കുവ ഭവനത്തിൽ എത്തി അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ഇതെല്ലാം അത്ഭുത ദൃശ്യമായിരുന്നു. പിതാവായ മുക്കുവൻ ആഗതനായ മുക്കുവനു നൽകിയ വാഗ്ദാനം നിറവേറ്റി. തന്റെ പുത്രിയുടെ പാണി ഗ്രഹണം സുന്ദരനായ മുക്കുവകുമാരനുമായി നടത്തി.
ശാപത്താൽ മുക്കുവ കന്യകയുടെ രൂപം സ്വീകരിച്ച മഹേശ്വരി യഥാർത്ഥ രൂപം സ്വീകരിച്ചു. വരനായി വന്ന കുമാരനായ മഹേശ്വരനും യഥാർത്ഥ രൂപം സ്വീകരിച്ചു. ഭഗവാന്റെ സങ്കൽപ്പത്താൽ ഭൂതഗണങ്ങൾ സുന്ദര വിമാനം കൊണ്ടുവന്നു. ആ വിമാനത്തിൽ അവർ കൈലാസത്തിലേക്ക് പോയി.
പിനീട് ശിവഭഗവാനും ശിവാ ദേവിയും സുന്ദരേശനും മീനാക്ഷി ദേവിയുമായി ഉത്തരഹാലാസ്യത്തിൽ പോയി.നന്ദിയും പുസ്തകങ്ങൾ എടുത്തുകൊണ്ട് ജഗദീശ്വരനെ അനുഗമിച്ചു. ഇതെല്ലാം കണ്ടുനിന്ന മുക്കുവ പിതാവിനാകട്ടെ സംഭവിച്ചതെല്ലാം സ്വപ്നമാണ് യാഥാർഥ്യമാണോ മായയാണോ എന്ന് സംശയം ഉണ്ടായി.
ഉത്തരഹാലാസത്തിൽ എത്തിയപ്പോൾ ദേവി പതിയോട് വേദാർത്ഥം ഉപദേശിക്കണമെന്ന് അപേക്ഷിച്ചു അപ്പോൾ അവിടെ ഉണ്ടായിരുന്ന യോഗിമാരും ഭക്തന്മാരും അത് കേൾക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു. എല്ലാവർക്കും മനസ്സിലാക്കുവാൻ വേണ്ടി ഭഗവാൻ 64 കലകൾ വിസ്തരിച്ചു പറഞ്ഞു. മോക്ഷം നൽകുന്ന വേദാർത്ഥവും ഉപദേശിച്ചു. അതിനുശേഷം ആകാശത്തിലെത്തുകയും ഭക്തർക്ക് അനുഗ്രഹം വർഷിച്ചുകൊണ്ട് പൂർവാവസ്ഥയിൽ വിരാജിക്കുകയും ചെയ്തു.
ഈ ലീല ശ്രവിച്ചാലും ഹൃദിസ്ഥമാക്കിയാലും ഐശ്വര്യം മോക്ഷം എന്നിവ ഉണ്ടാകും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 58 – വാതപുരേശന്റെ ജ്ഞാനദീക്ഷ
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും