റാഞ്ചി: കള്ളപ്പണക്കേസിൽ ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ ഇഡി സ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാംഗീർ ആലത്തിന്റെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 37 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
മന്ത്രിയുടെ സെക്രട്ടറിയായ സഞ്ജീവ് ലാലിനെ ഇ.ഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹായിയായ ജഹാംഗീർ ആലവും അറസ്റ്റിലായിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് അന്വേഷണ ഏജൻസി രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ ഝാർഖണ്ഡ് ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര കെ റാമിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ജഹാംഗീർ ആലത്തിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത സ്വർണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഗാഡിഖാന ചൗക്കിലെ മറ്റൊരു ഫ്‌ളാറ്റിൽ നിന്ന് 3 കോടി രൂപയും കണ്ടെടുത്തിരുന്നു. കോൺഗ്രസ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തെന്നും മന്ത്രിക്ക് കോൺഗ്രസിനെ നയിക്കുന്ന കുടുംബവുമായി അടുത്ത ബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയിലെയും ഒഡീഷയിലെയും തെരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു.















