ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേപ്പാൾ മുൻ നായകൻ സന്ദീപ് ലാമിച്ചാനെ ടി20 ലോകകപ്പ് കളിച്ചേക്കും. സന്ദീപ് കുറ്റാകാരനാണെന്ന കാഠ്മണ്ഡു ജില്ലാ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. യുവതിയുടെ പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ താരം ടി20 ലോകകപ്പ് കളിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
8 വർഷത്തെ തടവിനായിരുന്നു ലാമിച്ചാനെ കാഠ്മണ്ഡു ജില്ലാ കോടതി ശിക്ഷിച്ചത്. നിരപരാധിയാണെന്ന് കണ്ടെത്തിയതിനാൽ താരത്തെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്‌നമില്ല. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും 25 വരെ മാറ്റങ്ങൾ വരുത്താൻ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഉൾപ്പെടുത്തിയേക്കും. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് 23-കാരനായ സന്ദീപ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതി നൽകിയത്.
സ്പിന്നറായ സന്ദീപ് 2018-ലാണ് നേപ്പാളിനായി അരങ്ങേറിയത്. 52 ടി20 മത്സരങ്ങളിൽ നേപ്പാളിനെ പ്രതിനിധീകരിച്ച സന്ദീപ് 98 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. 17-ാം വയസിൽ ഐപിഎല്ലിൽ ഇടംലഭിച്ച നേപ്പാളി താരം കൂടിയാണ് ലാമിച്ചാനെ. 2018ൽ ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടിയായിരുന്നു അരങ്ങേറ്റം. ഡൽഹി ടീമിൽ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്ന ലാമിച്ചാനെയെ 2021-ൽ ടീം കൈവിട്ടു. ഐപിഎല്ലിൽ ഡൽഹിക്കായി ഒമ്പത് മത്സരങ്ങളിൽ 13 വിക്കറ്റെടുത്തിട്ടുണ്ട്.















