ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണം രാഷ്‌ട്രീയ ആയുധമാക്കി മാറ്റാനും തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രസ്താവകൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനെ അവരുടെ മടയിൽ കയറി അടിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
” സർജ്ജിക്കൽ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനും ശേഷമുള്ള പാകിസ്താന്റെ പ്രതികരണം കണ്ടിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാക്കൾ ഇത് പോലെ പറയില്ലായിരുന്നു. സോണിയ-മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ബോംബ് സ്‌ഫോടനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന മട്ടിലാണ് അവർ സംസാരിക്കുന്നത്. ന്യുനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് ഭീകരാക്രമണങ്ങൾക്കെതിരെ ഒരു രീതിയിലും പ്രതികരിക്കാത്തവരാണ് ഇക്കൂട്ടർ.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ വീട്ടിൽ കയറി അവർക്കുള്ള മറുപടി കൊടുത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി കശ്മീരിലെ സ്ഥിതിഗതികൾ ബിജെപി സർക്കാർ മാറ്റിമറിച്ചു. കർശന നടപടികളാണ് ഈ സമയം സ്വീകരിക്കേണ്ടി വന്നത്. ഇന്ത്യൻ ഭരണഘടന പാലിക്കേണ്ട എന്ന് പറഞ്ഞവർ ഇപ്പോൾ വോട്ട് ചെയ്യുന്നു.
ഫാറൂഖ് അബ്ദുള്ളയുടെ സമയത് 7-10 വരെയാണ് പോളിംഗ് ആണ് രേഖപ്പെടുത്തിയതെങ്കിൽ, ഇക്കുറി ആദ്യമായി റെക്കോർഡുകൾ തകർത്ത് 36 ശതമാനത്തിലേക്ക് ഉയർന്നു. കശ്മീരി പണ്ഡിറ്റുകൾ സമാധാനപരമായി വോട്ട് രേഖപ്പെടുത്തി. ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സംഘടന വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും” അമിത് ഷാ വ്യക്തമാക്കി.