തിരുവനന്തപുരം: ഒമാനിൽ മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം ഈഞ്ചയ്‌ക്കലിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ചയാണ് രാജേഷ് അസുഖം മൂർച്ഛിച്ച് മരണപ്പെട്ടത്.
ഈ മാസം എട്ടിനും ഒമ്പതിനും രാജേഷിന്റെ ഭാര്യ അമൃത ഒമാനിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയതിനാൽ യാത്ര മുടങ്ങി. ആദ്യ ദിവസം യാത്ര മുടങ്ങിയതോടെ രണ്ടാം ദിവസം ടിക്കറ്റ് മാറ്റി നൽകിയിരുന്നു. എന്നാൽ അപ്പോഴും പോകാൻ സാധിച്ചിരുന്നില്ല. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജേഷ് മരിച്ചത്.
എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും കൃത്യമായ ഒരു ഉത്തരം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. നീതി കിട്ടുന്നത് വരെ പ്രതിഷേധം തുടരാനാണ് ബന്ധുക്കളുടെ തീരുമാനം.
എത്ര ദിവസം വേണമെങ്കിലും ഞാൻ ഇവിടെ ഇരിക്കുമെന്നും ഒരു യാത്രക്കാർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്നും അമൃതയുടെ അച്ഛൻ പ്രതികരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തത് വെറെ കമ്പനി എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്. അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. എല്ലാവരും പോയാലും ഞാൻ ഇവിടെ ഉണ്ടാകും. മറുപടി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
മസ്‌ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്ന് രാജേഷ് പറഞ്ഞിരുന്നു. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.
വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയ വിവരം അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല.















