എറണാകുളം: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം. ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്. ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതോടെ പ്രതികൾ ടിടിഇയെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു കോച്ചിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതികളെ ആര്‍പിഎഫാണ് പിടികൂടിയത്. സംഘം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മംഗലുരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിലും സമാനമായ സംഭവമുണ്ടായി. വനിതാ ടിടിഇയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിൻ വടകരയിൽ ട്രെയിനിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൽ ആൻഡമാൻ സ്വദേശി മധുസൂദനൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരൻ ജനറൽ ടിക്കറ്റുമായി റിസർവേഷൻ കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ടിക്കറ്റ് ചോദിച്ചതോടെ പ്രകോപിതനായ യാത്രക്കാരൻ ടിടിഇയെ ആക്രമിക്കുകയായിരുന്നു.















