ഫിഫ ലോകകപ്പിൽ രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങുന്നത് കേൾക്കാൻ ഫുട്‌ബോൾ ആരാധകരെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സുനിൽ ഛേത്രി. ജൂൺ 6ന് കുവെറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം താൻ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 2005-ൽ പാകിസ്താനെതിരെയാണ് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ അരങ്ങേറ്റം. അന്ന് ഒരു ഗോളും രാജ്യത്തിനായി നേടിയിരുന്നു. താരം പങ്കുവച്ച വീഡിയോയ്‌ക്ക് താഴെ ആശംസകളുമായി ആരാധകരും കായികരംഗത്തെ പ്രമുഖരും എത്തി. സഹോദരാ..നിങ്ങൾ അഭിമാനമാണെന്നാണ് വിരാാട് കോലി കുറിച്ചത്.
ചാമ്പ്യാ.. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ഫെൻസര് ഭവാനി ദേവി കുറിച്ചത്. happy retirement legend എന്നാണ് യുസ്വേന്ദ്ര ചഹൽ കുറിച്ചത്. 19 വർഷം, 94 ഗോളുകൾ ഇന്ത്യൻ ഫുട്‌ബോൾ നിങ്ങളെ മിസ് ചെയ്യുമെന്നാണ് കൊൽക്കത്ത നൈറ്റ് റേഡേഴ്‌സ് കുറിച്ചത്. ഒത്തിരി പേരെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് നിങ്ങൾ. നമ്പർ 11 ആയാണ് വിരമിക്കുന്നതെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ 1-ാമതാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും എക്‌സിൽ കുറിച്ചു. ഇതിഹാസ നായകനെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വിശേഷിപ്പിച്ചത്.
രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരമാണ് ഛേത്രി. രാജ്യാന്തര മത്സരങ്ങളിൽ സജീവ ഫുട്‌ബോളർമാരിൽ ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയ താരം ലയണൽ മെസി (06), ക്രിസ്റ്റ്യാനോ റൊണാൾഡോ (128) എന്നിവർക്ക് പിന്നിൽ മൂന്നാമതാണ്. 2011-ൽ രാജ്യം അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി ആദരിച്ചു. ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും ഛേത്രി അർഹനയി. നിലവിൽ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാമതാണ് ഇന്ത്യ.















