സ്വരം നന്നായിരിക്കുമ്പോൾ പാട്ട് അവസാനിപ്പിക്കുക… അതുപോലെ തന്നെയാണ് ഛേത്രിയും. തന്റെ 39-ാം വയസിൽ ബൂട്ടഴിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് അയാൾ. 2002-ൽ മോഹൻ ബഗാനിൽ നിന്ന് തുടങ്ങിയ പ്രൊഫഷണൽ കരിയർ അദ്ദേഹത്തെ രാജ്യത്തിന്റെ ക്യാപ്റ്റനാക്കി. ഒടുവിൽ ചില സ്വപ്നങ്ങൾ ബാക്കി വച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.
വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു . 2001-ൽ തന്റെ 16 -ാം വയസിൽ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞായിരുന്നു തുടക്കം. 2001-02 വർഷങ്ങളിൽ ഡൽഹി പ്രീമിയർ ലീഗിലും, 2002 മുതൽ 2005 വരെ ഐ ലീഗിൽ മോഹൻ ബഗാനായും പന്തുതട്ടി. 18 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ബഗാനായി നേടി. പിന്നാലെ ജെസിടി മിൽസ് ടീമിലെത്തി. മൂന്ന് സീസണുകളിലായി അവർക്ക് വേണ്ടി 79 കളികളിൽ നിന്ന് 44 ഗോളുകളാണ് ഛേത്രിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. പിന്നീട് ഈസ്റ്റ് ബംഗാൾ, ഡെംപോ, ചിരാഗ് യുണെറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, ബെംഗളൂരു എന്നിവർക്കായി ഛേത്രി ബുട്ട് കെട്ടി. 2010-ലാണ് യുഎസിലെ മേജർ ലീഗ് സോക്കറിൽ കളിക്കുന്നത്. കൻസസ് സിറ്റിയുടെ താരമായിരുന്നു ഛേത്രി. പിന്നീട് പോർച്ചുഗലിലെ ലിഗ പ്രോയിൽ സ്‌പോർടിംഗ് സിപിക്ക് വേണ്ടിയും കളിച്ചു. 2015-16 സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ ഭാഗമായി. ടീമിനായി 17 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും സ്വന്തമാക്കി. 2017 മുതൽ 2024 വരെയുള്ള ഏഴു സീസണുകളിൽ ബെംഗളൂരു എഫ്‌സിക്കൊപ്പമാണ് ഛേത്രി. 387 മത്സരങ്ങളിൽ നിന്നായി 179 ഗോളുകളാണ് നായകന്റെ പേരിലുള്ളത്.
2005 ജൂൺ 12-നാണ് സുനിൽ ഛേത്രിയെന്ന 21 വയസുകാരൻ രാജ്യത്തിനായി അരങ്ങേറിയത്. പാകിസ്താനെതിരെയുള്ള ആ സൗഹൃദ മത്സരത്തിൽ ഛേത്രി തന്റെ ആദ്യ അന്താരാഷ്‌ട്ര ഗോൾ സ്വന്തമാക്കി. അവിടെ നിന്നാണ് രാജ്യത്തെ ലോകകപ്പ് കാണാൻ പ്രേരിപ്പിച്ച താരത്തിന്റെ ഉദയം. 2007 ലായിരുന്നു രാജ്യത്തിന് വേണ്ടിയുള്ള ഛേത്രിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര ടൂർണമെന്റ്. 2007 ലെ നെഹ്റുകപ്പിൽ ഛേത്രിയുടെ നാലു ഗോളുകൾ ഇന്ത്യയെ കിരീടം സ്വന്തമാക്കാൻ സഹായിച്ചു. 2008 എഎഫ്‌സി ചലഞ്ച് കപ്പിൽ ഫൈനലിലെ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടി ഛേത്രി തിളങ്ങി. 2011 ലെ സാഫ് ഫുട്ബോളിൽ ഏഴ് ഗോളുകളായിരുന്നു ഛേത്രി നേടിയത്. ടൂർണമെന്റിന്റെ തന്നെ കളിക്കാരനായി സുനിൽ ഛേത്രി മാറി. 2015, 2021, 2023 വർഷങ്ങളിൽ സാഫ് ചാമ്പ്യൻഷിപ്പിലും 2009, 2012 സീസണുകളിൽ നെഹ്‌റു കപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു ഛേത്രി. 2018-ലും 2023ലും നായകന് കീഴിൽ ത്രിരാഷ്‌ട്ര ഫുട്‌ബോളിലും 2018, 2023 വർഷങ്ങളിൽ ഇന്റർ കോണ്ടിനന്റൽ കപ്പിലും രാജ്യം ജേതാക്കളായി.
150 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ 88 കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. അന്താരാഷ്‌ട്ര തലത്തിൽ 94 ഗോളുകളുള്ള താരത്തിന് ഗോളുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്‌ക്കാൻ ഇനിയും 6 എണ്ണം കൂടി മതി. അതിനുള്ള അവസരങ്ങളും ഉണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ നേപ്പാളിനെതിരെയാണ് ഛേത്രി ഏറ്റവും കൂടുതൽ തവണ വലകുലുക്കിയത്. 9 തവണ. അന്താരാഷ്‌ട്ര തലത്തിൽ സജീവ ഫുട്‌ബോളിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയ താരം ലയണൽ മെസി (06), ക്രിസ്റ്റ്യാനോ റൊണാൾഡോ (128) എന്നിവർക്ക് പിന്നിലാണ്. അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഹാട്രികുകൾ സ്വന്തമാക്കിയെന്ന ഖ്യാതിയും ഇന്ത്യൻ നായകന്റെ പേരിലാണ്. 4 തവണയാണ് നേട്ടം. 2023-ൽ നടന്ന സാഫ് കപ്പിൽ പാകിസ്താനെതിരെയായിരുന്നു അവസാന ഹാട്രിക് നേട്ടം.
2018-ൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ, ഛേത്രി കെനിയയ്‌ക്കെതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിനായി തന്റെ 100-ാമത്തെ കളി കളിച്ചു. തന്റെ നൂറാമത്തെ മത്സരത്തിൽ ഇരട്ട ഗോളുകളുമായി താരം തിളങ്ങി. അഫഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ രാജ്യത്തിനായി 150-ാം തവണയും ബൂട്ടണിഞ്ഞു. അന്ന് ഒരു ഗോളും നേടി. ഏഴ് തവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ അദ്ദേഹം, ഐഎസ്എല്ലിൽ ആദ്യമായി 50 ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി.
1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം. പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. സൈന്യത്തിന്റെ ഫുട്‌ബോൾ ടീമിനെയും പ്രതിനിധീകരിച്ചു. 2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനിൽ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്. മുൻ ഇന്ത്യൻ താരം സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകൻ ജനിച്ചു, പേര് ധ്രുവ്. സുനിൽ ഛേത്രി പടിയിറങ്ങുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട് ആരായിരിക്കും ഇനി മുന്നിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോളിനെ നയിക്കുക?















