ഹൈദരാബാദ്: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലെ തനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യമാണെന്ന് എംപി തേജസ്വി സൂര്യ. അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും നൂറിലേറെ അണ്ണാമലെമാരെ ഭാരതത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അണ്ണാമലെയുമായുള്ള അനുഭവം അദ്ദേഹം പങ്കുവച്ചത്.
രാഷ്‌ട്രീയത്തിലെത്തും മുൻപ് അണ്ണാമലെയെ അറിയാമായിരുന്നു. കർണാടകയിലെ പേരെടുത്ത ഐപിഎസ് ഓഫീസർ കൂടിയായിരുന്നു അണ്ണാമലെ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന സമയത്ത് ബംഗലൂരു സൗത്തിലെ ഡിസിപിയാണ് അദ്ദേഹം. അന്ന് തന്റെ മൺലത്തിൽ വളരെ പ്രശസ്തനായിരുന്നു അദ്ദേഹം. ഇന്ന് അണ്ണാമലെ എന്നാൽ തനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യമാണ്. എൻ മണ്ണ് എൻ മക്കൾ യാത്രയിൽ ആളുകളെ ആകർഷിക്കുന്നത് മാന്ത്രികമായി തോന്നി. അദ്ദേഹത്തിൽ കാണുന്ന ആവേശവും പ്രതിജ്ഞാബദ്ധതയും പ്രശംസനീയമാണ്. ബിജെപിയെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിക്കണമെന്ന ഒറ്റ ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.
തമിഴ്‌നാട്ടിൽ ചരിത്രപരമായ മാറ്റമാണ് വരാൻ പോകുന്നത്. അണ്ണാമലെയെ പോലെ കൂടുതൽ ആളുകൾ വരണം എങ്കിലേ ഇന്ത്യയുടെ ഭാവി കൂടുതൽ വേറിട്ടതാകൂ. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രാഷ്‌ട്രീയമാണ് ബിജെപിക്കുള്ളത്. അതുകൊണ്ട് നൂറിലേറെ അണ്ണാമലെമാരെ ഭാരതത്തിന് ആവശ്യമാണ്.
മറ്റ് മേഖലകളിൽ നിന്ന് വരുന്നവർക്ക് ശോഭിക്കാൻ കഴിയാത്ത മേഖലയെന്നാണ് രാഷ്‌ട്രീയത്തെക്കുറിച്ചുളള പതിവ് വിമർശനം. എന്നാലിന്ന് എസ് ജയ്ശങ്കറിനെയും അശ്വിനി വൈഷ്ണവിനെയും പോലുളളവർ മന്ത്രിമാരാകുന്നതും കാര്യങ്ങൾ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമാണ് കാണുന്നത്. അത്തരത്തിലുള്ളവരെ കണ്ടെത്തുകയും അവർക്ക് അവസരം കൊടുക്കുകയും ചെയ്യുന്ന രീതി ഇന്ത്യയിൽ അനവധി മാറ്റങ്ങളുണ്ടാക്കി.
അണ്ണാമലെയെപ്പോലൊരാൾ ഐപിഎസ് ഉപേക്ഷിച്ച് പാർട്ടിയിലേക്ക് വന്ന് ഒരുപാട് മുന്നോട്ടുപോയി. അത് പ്രധാനമന്ത്രി നൽകുന്ന പ്രോത്സാഹനം കാരണമാണ്. ജയ്ശങ്കറിനെപ്പോലെ, അശ്വിനി വൈഷ്ണവിനെ പോലെയൊക്കെയുള്ളവരെ കൊണ്ടുവന്നു. അവരെ വളർത്തുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്തു. അതാണ് നരേന്ദ്രമോദിയെ നരേന്ദ്രമോദിയാക്കുന്നത്. ഭാരതത്തിലെ രാഷ്‌ട്രീയത്തെ മുഴുവനായി പുനർനിർവ്വചിക്കുകയായാണ് പ്രധാനമന്ത്രി ചെയ്തത്.















