ലക്‌നൗ: ബിജെപിയുടെ കീഴിലുള്ള പുതിയ ഇന്ത്യയിൽ രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണെന്നും തീവ്രവാദത്തെയും കമ്യൂണിസ്റ്റ് ഭീകരവാദത്തേയും ശക്തമായി തന്നെ നേരിടാനും സാധിക്കുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിസ്ഥാന സൗകര്യ മേഖലയിലുള്‍പ്പെടെ രാജ്യം വലിയ പുരോഗതി കൈവരിച്ചു. ഇക്കാരണങ്ങൾ വഴിയെല്ലാം ഇന്ത്യയ്‌ക്ക് ആഗോള തലത്തിൽ ഇന്ന് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലക്‌നൗവിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്നത്തെ ഇന്ത്യ ലോകത്തിന് തന്നെ ഏറ്റവും മികച്ച മാതൃകയായിട്ടാണ് നിലകൊള്ളുന്നത്. ആഗോളതലത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ബഹുമാനം തന്നെയാണ് അത് തെളിയിക്കുന്നത്. രാജ്യത്തിന്റെ അതിർത്തികൾ ഇന്ന് സുരക്ഷിതമാണ്. തീവ്രവാദത്തേയും കമ്യൂണിസ്റ്റ് ഭീകരതയേയും ഫലപ്രദമായി നേരിട്ട് കൊണ്ട് ഒരു പുതിയ യുഗത്തിനാണ് ബിജെപി സർക്കാർ തുടക്കമിട്ടത്. ഹൈവ, എക്‌സ്പ്രസ്‌വേ, മെട്രോ, റെയിൽവേ, വിമാനത്താവളങ്ങൾ തുടങ്ങീ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പുരോഗതി സ്വന്തമാക്കിയെന്നും” യോഗി ആദിത്യനാഥ് പറയുന്നു.
ലക്‌നൗ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന രാജ്‌നാഥ് സിംഗ് നടത്തിയ പ്രവർത്തനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. ” ലക്‌നൗ ഇന്ന് എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും നേരിട്ട് കാണാം. സ്മാർട്ട് സിറ്റി എന്നതിലുപരിയായി എക്‌സ്പ്രസ്‌വേകളുടെ വലിയൊരു ശൃംഖല തന്നെ ഇവിടെയുണ്ട്. രാജ്യത്തിന്റെ ഏത് കോണിലേക്കും മൂന്ന് മണിക്കൂറിനുള്ളിൽ ഇവിടെ നിന്ന് എത്തിച്ചേരാനാകും. ലക്‌നൗവിന്റെ ഗതാഗത മേഖലയിലെ നട്ടെല്ല് എന്ന് പറയപ്പെടുന്ന ഷഹീൻ പഥിന്റെ നിർമാണം നടക്കുന്നത് രാജ്‌നാഥ് സിംഗ് ഗതാഗത മന്ത്രിയായിരുന്ന സമയത്താണ്. കിസാൻ പഥ് പ്രൊജക്ടിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ സർവകലാശാല ലക്‌നൗവിലാണ് സ്ഥാപിക്കപ്പെട്ടത്.
രാജ്യത്തിന്റെ പ്രതിരോധമന്ത്രി കൂടിയായ രാജ്‌നാഥ് സിംഗ് ഇവിടെ നിന്ന് പാർലമെന്റ് പ്രതിനിധിയായി മത്സരിക്കുന്നു എന്നത് പോലും അഭിമാനകരമാണ്. ഇത്രയും ഉയർന്ന സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും അദ്ദേഹം തന്റെ മണ്ഡലത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജനങ്ങളുടെ ഏതൊരു പ്രശ്‌നത്തിനും അദ്ദേഹം അതിവേഗം പരിഹാരം കാണുന്നു. ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഓരോ വോട്ടുകളും നൽകേണ്ടത്. അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും” യോഗി ആദിത്യനാഥ് പറയുന്നു.















