ശ്രീനഗർ: ദ്വിദിന സന്ദർശനത്തിനായി കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ശ്രീനഗറിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കാൻ നിർദേശം നൽകി.
ഗുജ്ജറുകൾ, ബക്കർവാൾ, പഹാരികൾ, സിഖുകാർ എന്നിവരുൾപ്പെടെ വിവിധ സമുദായങ്ങളിലെ പ്രതിനിധികളുമായി അമിത് ഷാ ചർച്ചകൾ നടത്തി. സുരക്ഷാ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന പ്രസിദ്ധമായ അമർനാഥ് യാത്രയുടെ സുരക്ഷാ മുന്നൊരുക്കങ്ങളും കേന്ദ്രമന്ത്രി അവലോകനം ചെയ്യും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയെ ശക്തിപ്പെടുത്താൻ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്റെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും അവരെ ഇവിടെ നിന്ന് തുടച്ചുനീക്കണമെന്നും കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം സെപ്റ്റംബറോടെ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.















