തിരുവനന്തപുരം: സോളാർ സമരം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയതാണെന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ തുറന്നുപറച്ചിൽ, ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സോളാർ സമരം എങ്ങനെയെങ്കിലും ഒത്തുതീർപ്പാക്കാനായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നതെന്നും ബിജെപി ഇക്കാര്യങ്ങളെല്ലാം അന്നേ തുറന്നു പറഞ്ഞിരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
” സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്‌ട്രീയം എന്താണെന്ന് വ്യക്തമാക്കുന്നതാണ് സോളാർ സമരം. സിപിഎമ്മും കോൺഗ്രസും ചേർന്ന് കേസ് ഒപ്പുതീർപ്പാക്കിയപ്പോൾ ബിജെപിയായിരുന്നു പ്രതിപക്ഷത്തിന്റെ ധർമ്മം നിറവേറ്റിയിരുന്നത്. സിപിഎമ്മും കോൺഗ്രസും ചേർന്ന് സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുണ്ടെന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസാണ് ഒത്തുതീർപ്പിന് ഒത്താശ ചെയ്ത് നൽകിയതെന്നുള്ള മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകൾ ഗൗരവമേറിയ വിഷയമാണ്.”- കെ സുരേന്ദ്രൻ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്റെ വധക്കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് സിപിഎം സോളാർ സമരം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പരോക്ഷമായി പറഞ്ഞിരുന്നു. എന്നാൽ ടിപിയുടെ കൊലപാതകം യുഡിഎഫ് രാഷ്‌ട്രീയത്തിനായി ഉപയോഗിച്ചു. ഇതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും സോളാർ സമരത്തിൽ ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് പുറത്തു പോകണമെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.
അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ടിപിയുടെ ഭാര്യ കെകെ രമയും ആർഎംപി പാർട്ടിയും യുഡിഎഫിന്റെ സഖ്യം വിട്ട് പ്രവർത്തിക്കണമെന്നും അഴിമതിയും ഒത്താശകളും ഒത്തുതീർക്കലുകളും കൈമുതലായി കൊണ്ടു നടക്കുന്ന ഇരു പാർട്ടികളെ ജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















