ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാഹുലും സംഘവും നേടിയത്. നിക്കോളാസ് പൂരാനാണ് (76) ലക്‌നൗവിന്റെ ടോപ് സ്‌കോറർ. മുംബൈ ഇന്ത്യൻസിനായി നുവാൻ തുഷാര, പിയുഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലായിരുന്നു ലക്‌നൗ. ഓപ്പണർ ദേവദത്ത് പടിക്കൽ(0), വൺഡൗണായെത്തിയ മാർക്കസ് സ്റ്റോയ്നിസ്(28) എന്നിവരുടെ വിക്കറ്റ് ലക്നൗവിന് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച രാഹുൽ -ഹൂഡ സഖ്യം ചെറുത്ത് നിൽക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. 11 റൺസുമായി ഹൂഡ മടങ്ങി. എന്നാൽ നിക്കോളാസ് പൂരാനെ കൂട്ടുപിടിച്ച് രാഹുൽ ഒരറ്റത്ത് നിന്ന് ആക്രമിച്ചു തുടങ്ങി. ഇരുവരുടെയും കൂട്ടുകെട്ടിലാണ് ലക്നൗവിന്റെ സ്‌കോർ ബോർഡ് കുതിച്ചത്. 109 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
പിന്നാലെ 75 റൺസുമായി പൂരാൻ പുറത്തായി. നുവാൻ തുഷാരയ്‌ക്കാണ് വിക്കറ്റ്. ആറാമനായി എത്തിയ അർഷാദ് ഖാനും ഡക്കായി. കെ. എൽ രാഹുലിനും(55) അവസാന ഓവർ വരെ നിലയുറപ്പിക്കാനായില്ല. പിയുഷ് ചൗള താരത്തെ നുവാൻ തുഷാരയുടെ കൈകളിലെത്തിക്കുകയായിരുന്നു. പുറത്താകാതെ നിന്ന ആയുഷ് ബദോനി(22), ക്രുണാൽ പാണ്ഡ്യ(12 ) എന്നിവർ ചേർന്നാണ് ലക്‌നൗവിന്റെ സ്‌കോർ 200 കടത്തിയത്.