ലീഗിലെ അവസാന മത്സരത്തിൽ വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ. ലക്‌നൗവിന് എതിരായ മത്സരത്തിലാണ് ഇന്ത്യൻ നായകൻ വിമർശകരുടെ വാ അടപ്പിച്ചത്. 38 പന്തിൽ നിന്ന് 68 റൺസുമായാണ് താരം കൂടാരം കയറിയത്. ഇന്നിംഗ്‌സിലേക്ക് നിർണായക സംഭാവന ചെയ്ത രോഹിത്തിനെ രവി ബിഷ്‌ണോയിയാണ് മൊഹ്സിൻ ഖാന്റെ
കൈയിലെത്തിച്ചത്. 10 ഫോറുകളും 3 സിക്‌സുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
പവർപ്ലേയിൽ 53 റൺസാണ് മുംബൈക്കായി രോഹിത്തും ഡെവാൾഡ് ബ്രെവിസും ചേർന്ന് അടിച്ചു കൂട്ടിയത്. 52 പന്തിൽ നിന്ന് 88 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. 8.4 ഓവറിൽ ബ്രെവിസിന്റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമാകുന്നത്. നവീൻ ഉൾ ഹഖാക്കാണ് താരത്തെ മടക്കിയത്. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും റൺസൊന്നും നേടാനാവാതെ മടങ്ങി. നായകൻ ഹാർദിക് പാണ്ഡ്യയും(16) ഭേഭപ്പെട്ട പ്രകടനം കാഴ്ചവച്ച് കൂടാരം കയറി.
മഴ മത്സരം അൽപ്പം തടസപ്പെടുത്തിയെങ്കിലും ഓവറുകൾ വെട്ടിച്ചുരുക്കിയില്ല. 13.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ് മുംബൈ. ഇഷാൻ കിഷനും (5) നെഹൽ വദേരയുമാണ് ക്രീസിൽ.