ഗുരുവായൂരമ്പല നടയിൽ സിനിമയിൽ പൃഥ്വിരാജിന് സ്ലോമോഷൻ സീനുകൾ ഉണ്ടായിരുന്നതിനാൽ തനിക്കും അത് പ്രയോജനപ്പെട്ടുവെന്ന് നടി നിഖില വിമൽ. ബേസിൽ സ്വയം ബോളിവുഡാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും നടി പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില വിമൽ.
‘പൃഥ്വിരാജിന് സിനിമയിൽ കുറച്ച് സ്ലോമോഷൻ ഷോട്ടുകളുണ്ടായിരുന്നു. അതെനിക്കും പ്രയോജനപ്പെട്ടു. ഈ വാഴ നനയുമ്പോൾ ചീര നനയും എന്നു പറയുന്നതുപോലെ. അത് പറഞ്ഞ് ബേസിലിനെ ഞാൻ കളിയാക്കുമായിരുന്നു. കാരണം, ബേസിലേട്ടൻ സ്വന്തമായി ബേസിലേട്ടനെ ബോളിവുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ഞാന്‍ ബോളിവുഡാണ്, നീയൊക്കെ വെറും ലോക്കല്‍. നീ വിപിന്‍ ദാസിന്റെ സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ അങ്ങ് ബോളിവുഡിലാണ്’ എന്നൊക്കെയാണ് പുള്ളി പറയാറുള്ളത്.
അപ്പോൾ, ഞാൻ പറയും എനിക്ക് സ്ലോമോഷനുണ്ട്. തനിക്കുണ്ടോ… സ്ലോമോഷൻ, ആരെ കണ്ടാലും ഞെട്ടണം’ അങ്ങനെയൊക്കെ പറഞ്ഞ് ചേട്ടനെ കളിയാക്കാറുണ്ടായിരുന്നു.’- നിഖില വിമൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയ്‌ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയ്‌ക്കുണ്ട്.