ന്യൂയോർക്ക്: എരിവ് കൂടിയ മസാല ചിപ്സ് കഴിച്ച 14 കാരന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. മുളകിലെ രാസമിശ്രിതം വലിയ തോതിൽ അടങ്ങിയിരിക്കുന്ന ടോർട്ടില്ല ചിപ്സ് കഴിച്ചതിനെ തുടർന്നാണ് 14 കാരനായ ഹാരിസ് വൊലോബ മരണപ്പെട്ടത്. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് മാതാപിതാക്കൾ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാരിസ് മരിക്കുന്നത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുമ്പോഴാണ് മരണകാരണം വ്യക്തമാകുന്നത്. സെപ്റ്റംബറിൽ ഹാരിസ് വൺ ചിപ്പ് ചാലഞ്ച് പരീക്ഷിക്കുന്നതിന്റെ ഭാഗമായി എരിവുകൂടിയ മുളക് ചേർത്ത ടോർട്ടില്ല ചിപ്സ് കഴിച്ചിരുന്നു. ഉയർന്ന അളവിൽ കാപ്‌സൈസിൻ അടങ്ങിയ ഭക്ഷണ പദാർത്ഥം കഴിച്ചതുമൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. മുളകിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത രാസപദാർത്ഥമാണ് കാപ്‌സൈസിൻ.
ചിപ്സിൽ ഉപയോഗിച്ചിരിക്കുന്ന കരോലിന റീപ്പർ മുളക്, കുരുമുളക് സ്‌പ്രേയുടെ തുല്യമായ തീവ്രതയേറിയ എരിവുള്ള മുളകാണ്. എന്നാൽ ചാലഞ്ച് യുവാക്കൾക്ക് വേണ്ടി സംഘടിപ്പിച്ചതാണെന്നും കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും ചിപ്സ് കമ്പനി പറഞ്ഞു. എരിവ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കഴിക്കരുതെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നതായും കമ്പനി അധികൃതർ പറഞ്ഞു.















