ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഓപ്പൺ ഹൗസിലൂടെ ലഭിച്ചത്.ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ഇന്ത്യക്കാർക്ക് കോൺസൽ ജനറൽ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് സംവദിക്കുന്നതിന് അവസരം ലഭിച്ചു.
120 പരാതികൾ സ്വീകരിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വ്യക്തമാക്കി.പാസ്പോർട്ട് – അനുബന്ധ സേവനങ്ങൾ, വീസ, ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്പ്, വിദ്യാഭ്യാസം, തൊഴിൽ, ഗാർഹിക ജോലിക്കാരുടെ പ്രശ്നങ്ങൾ, വ്യാപാര വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഉന്നയിച്ചത്.
പരാതികൾക്ക് ഉടനടി നടപടിയെടുക്കുകയും ചില പരാതികളിൽ തീർപ്പു കൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്കു ശുപാർശ ചെയ്യുകയും ചെയ്തു.കോൺസുലേറ്റിൽ നേരിട്ടെത്തി പരാതികൾ നൽകാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരപ്രദമായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഓപ്പൺ ഹൗസ്.
ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും വിവിധ ജോലികളിൽ ഏർപ്പെട്ടവരുടെ ആവശ്യങ്ങളും നേരിട്ട് അറിയാൻ വാരാന്ത്യങ്ങളിൽ നടത്തുന്ന ഓപ്പൺ ഹൗസിലൂടെ സാധിക്കാറുണ്ട് .പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കു സമയബന്ധിതമായ പരിഹാരമാണ് ഇതിലൂടെ കോൺസുലേറ്റ് ലക്ഷ്യമിടുന്നത്.













