ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തിൽ ചെന്നൈയെ 27 റൺസിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച് ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി തുടർച്ചയായ ആറു മത്സരം ജയിച്ചാണ് പുതിയ ചരിത്രം നെയ്തത്. 27 റൺസിനായിരുന്നു ഫാഫിന്റെ സംഘത്തിന്റെയും ജയം. തുടർച്ചയായ ആറ് മത്സരം ജയിച്ചാണ് ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കിയത്. 219 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റൺസിൽ അവസാനിച്ചു. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകൾ.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആർസിബി ബൗളർമാർ തുടങ്ങിയത്. നായകൻ ഋതുരാജിനെ(0) ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഗ്ലെൻ മാക്‌സ്വെൽ പുറത്താക്കി. വൺഡൗണായെത്തിയ ഡൗരിൽ മിച്ചലും(4) മികച്ച പ്രകടനം പുറത്തെടുക്കാനാതെ മടങ്ങി. രചിൻ രവീന്ദ്ര- അജിങ്ക്യാ രഹാനെ സഖ്യമാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 66 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രഹാനെയെ(33) പുറത്താക്കി ഫെർഗ്യൂസണാണ് ഈ കൂട്ട്‌കെട്ട് പൊളിച്ചത്.
പിന്നാലെ രചിനും(61) മടങ്ങി. താരത്തെ ദിനേശ് കാർത്തിക് റണ്ണൗട്ടാകുകയായിരുന്നു.
-ഒരറ്റത് വിക്കറ്റ് വീണ് പതറിയ ചെന്നൈയെ ക്രീസിൽ ഒന്നിച്ച രവീന്ദ്ര ജഡേജയും (42), മഹേന്ദ്ര സിംഗ് ധോണിയും (25) ചേർന്ന് കരകയറ്റി. കൂട്ടുക്കെട്ട് ശക്തമായതോടെ ആർ.സി.ബി ഭയന്നു. അവസാന ഓവറിൽ ആദ്യ പന്തിൽ 110 മീറ്ററിന്റെ സിക്സർ പറത്തിയ ധോണിയ അടുത്ത പന്തിൽ പുറത്താക്കി യഷ് ദയാലാണ് ആർ.സി.ബിയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്. ശിവം ദുബൈ(7), മിച്ചൽ സാന്റനർ(3) എന്നിവർ സിഎസ്‌കെ നിരയിൽ നിറം മങ്ങി.
ആർസിബിക്കായി നാല് ഓവറിൽ 42 റൺസ് വഴങ്ങി യഷ് ദയാൽ 2 വിക്കറ്റ് വീഴ്‌ത്തി. ഗ്ലെൻ മാക്‌സ്വെൽ, മുഹമ്മജ് സിറാജ്, ലോക്കീ ഫെർഗുസൻ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.