ആലപ്പുഴ: നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. കഞ്ഞിക്കുഴി ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട ഇയാളെ ചേർത്തല പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രതി ഭാര്യയായ അമ്പിളിയെ റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്തയ്‌ക്ക് സമീപത്തായിരുന്നു കൊലപാതകം. ഇരുവരും റോഡിൽവച്ച് വാക്കുതർക്കമുണ്ടാവുകയും തുടർന്ന് രാജേഷ് യുവതിയെ ആക്രമിക്കുകയുമായിരുന്നു. രാജേഷിന്റെ അവിഹിത ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. കൊലപാതകത്തിന് ശേഷം അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗുമായി പ്രതി സ്ഥലം വിടുകയായിരുന്നു.















