കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മൊഴി അനുസരിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
പ്രതിയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് വീട്ടുകാരും അയൽവാസികളും സഹായത്തിനെത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി 20 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി. ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണെന്നും ബാസിർഹട്ട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ നേതൃത്വത്തിൽ സന്ദേശ്ഖാലിയിൽ നടന്ന ലൈംഗിക അതിക്രമങ്ങളും ഭൂമി കയ്യടക്കലും വളരെ വലിയ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബിജെപി പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്ത് പ്രശ്നം തണുപ്പിക്കാൻ മമത സർക്കാർ നിർബന്ധിതമാവുകയായിരുന്നു.















