വാതപുരത്തിൽ വസിക്കുന്ന “വാതപുരേശൻ” എന്ന ബ്രാഹ്മണശ്രേഷ്ഠന് ഹലാസ്യനാഥൻ ജ്ഞാനദീക്ഷ നൽകിയ ലീലയാണ് ഇതിലെ പ്രതിപാദ്യം.
വേദങ്ങളിലും വേദാർത്ഥങ്ങളിലും ജ്ഞാനം തേടിയ വാതപുരേശന് ശാസ്ത്രങ്ങളും കലകളും മന്ത്രശാസ്ത്രങ്ങളും അറിയാമായിരുന്നു. 16 വയസ്സിനകം തന്നെ സകല ഭാഷകളിലും പാണ്ഡിത്യം നേടിയ നേടി. അന്ന് പാണ്ഡ്യാ രാജ്യം ഭരിച്ചിരുന്നത് അരിമർദ്ദനൻ എന്ന രാജാവായിരുന്നു അദ്ദേഹം ബ്രാഹ്മണ കുമാരനെ മന്ത്രിയാക്കി. ആന കുതിര തുടങ്ങിയവയുടെ ഭരണ ചുമതല ഏൽപ്പിച്ചു. സർവ്വകർമ്മങ്ങളിലും സാമർത്ഥ്യം ഉണ്ടായിരുന്നതുകൊണ്ട് രാജാവ് ധാരാളം സമ്മാനങ്ങളും നൽകി.
പൂർവികന്മാരുടെ ആചാരങ്ങൾ അനുസരിച്ച് ജീവിതം നയിച്ച ബ്രാഹ്മണകുമാരൻ പാപകർമ്മങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല. തനിക്ക് ലഭിച്ച സമ്മാനങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നതിൽ ശ്രദ്ധിച്ചു. സുന്ദരേശ ഭഗവാനും ഉപഹാരങ്ങൾ സമർപ്പിച്ചു. വാതപുരേശന്റെ കർമ്മങ്ങൾ ഐശ്വര്യ വർദ്ധനവ് ഉണ്ടാകുമ്പോൾ ഉണ്ടാകുവാൻ സഹായിച്ചതുകൊണ്ട് രാജാവിനും സന്തോഷം ഉണ്ടായി.
ഒരു ദിവസം ഏതാനും അശ്വപാലകർ രാജാവിനോട് കുതിരകളുടെ ദയനീയ അവസ്ഥ അറിയിച്ചു. പുതിയ കുതിരകളെ വരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു രാജാവ് വാതപുരേശനെ വരുത്തുകയും അശ്വപാലകർ അറിയിച്ച കുതിരകളുടെ കാര്യം പറയുകയും ചെയ്തു ഖജനാവിൽ നിന്ന് ആവശ്യമുള്ള ധനം എടുത്ത് എവിടെനിന്നെങ്കിലും ഉത്തമങ്ങളായ കുതിരകളെ വാങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് വാതപുരേശൻ ഖജനാവിൽ നിന്ന് പണം എടുത്തു കണക്കെഴുത്തുകാരനെ കൊണ്ട് കണക്ക് എഴുതിപ്പിച്ചു, പണം ഒരു പെട്ടിയിലാക്കി സ്വന്തം ഭവനത്തിൽ കൊണ്ടുപോയി കാവലിനായി ആളുകളെയും നിയോഗിച്ചു.
പണം ലഭിച്ചപ്പോൾ സുന്ദരേശ്വരന്റെ പ്രീതിക്കുവേണ്ടി പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുവാൻ നിശ്ചയിച്ചു. ഹേമപത്മിനിയിൽ ചെന്ന് സ്നാനം ചെയ്തു. ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ചു. ഗണപതി ഭഗവാനെയും സുബ്രഹ്മണ്യ ഭഗവാനെയും ദർശിച്ചതിനുശേഷം മീനാക്ഷി ദേവിയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പ്രാർത്ഥിച്ചു, “രാജാവ് തന്ന ധനം ധർമ്മ കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ വിഷമമുണ്ട് അനാവശ്യമായി പണം ചെലവ് ചെയ്യുന്നതിനുള്ള വിഷമം മാറ്റുകയും രാജാവിനെയും എന്നെയും രക്ഷിക്കുകയും ചെയ്യേണമേ.”
പിന്നീട് സുന്ദരേശ സന്നിധാനത്തിൽ എത്തി പ്രാർത്ഥിച്ചു.
“ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് കാരണനായ ഭഗവാനെ സർവ്വജ്ഞാ കൃപാ സിന്ധോ..!! എന്റെ കൈവശമുള്ള ധനം കൊണ്ട് അങ്ങയെയും അങ്ങയുടെ ഭക്തരെയും ഞാൻ പൂജിക്കാം. രാജാവിന്റെ ആഗ്രഹത്തെ സാധിപ്പിച്ചു തന്ന് അങ്ങ് അനുഗ്രഹിക്കണം. ആ കുതിരകളെ വാങ്ങുവാനുള്ള എന്റെ യാത്ര സഫലമാകണം. വേറെ ആരും എനിക്ക് ആശ്രയമില്ല.”
പ്രാർത്ഥനയ്‌ക്ക് ശേഷം അവിടെ നിന്ന് പോകാൻ തുടങ്ങിയപ്പോൾ ഒരു ബ്രാഹ്മണൻ അവിടെ വന്നുചേർന്നു. അദ്ദേഹം കൈവശമുള്ള ഭസ്മം കൊടുത്തു. വാതപുരേശൻ അത് ശുഭസൂചകമായി കരുതി വാങ്ങി ഭൃത്യൻമാരെ കൊണ്ട് പണപ്പെട്ടിയെടുപ്പിച്ച് കിഴക്കേ ദിക്ക് ലക്ഷ്യമാക്കി നടന്നു. കടൽത്തീരത്ത് കൂടിയുള്ള ആ യാത്രാമധ്യേ ഒരു ശിവാലയം കണ്ടു. മഹാതീർത്ഥം എന്നായിരുന്നു ആ ക്ഷേത്രത്തിന്റെ നാമധേയം. ശിവക്ഷേത്രം ദർശിച്ചപ്പോൾ തന്നെ വാതപുരേശന്റെ മനസ്സ് ഭക്തിയിൽ മുഴുകി. അവിടം ഉപേക്ഷിക്കുവാൻ വൈമനസ്യം തോന്നി. അദ്ദേഹം അവിടെ വസിക്കുവാൻ തീരുമാനിച്ചു. കർക്കിടക മാസത്തിൽ ധാരാളം നല്ല കുതിരകൾ അവിടെ വരുമെന്നും അവയെ വാങ്ങി വന്നു കൊള്ളാമെന്നും രാജാവിനെ അറിയിക്കണം എന്ന് പറഞ്ഞ് ഭൃത്യന്മാരെ തിരിച്ചയച്ചു. അവർ മധുരയിൽ പോയി രാജാവിനെ ഈ കാര്യം അറിയിച്ചു.
ഭൃത്യന്മാർ പോയശേഷം വാതപുരേശൻ തടാകത്തിൽ സ്നാനം ചെയ്തു. അനന്തരം ആ ക്ഷേത്രത്തിൽ വിരാജിക്കുന്ന ജനവനാഥൻ എന്ന ഭഗവാനെ ദർശിക്കുവാൻ പോയി. അവിടെ സുന്ദരേശ്വര ഭഗവാൻ ശിഷ്യന്മാരെ വേദം പഠിപ്പിക്കുന്നത് കണ്ടു. അനേകം ശിഷ്യരുടെ മധ്യത്തിൽ ഇരുന്ന ഗുരുവിന്റെ രൂപത്തിൽ ഉപദേശം നൽകുന്നത് കണ്ടപ്പോൾ വാതപുരേശൻ സാഷ്ടാംഗം പ്രണമിച്ചു. അദ്ദേഹത്തെ സമീപത്തേക്ക് ക്ഷണിക്കുകയും ഭക്തിയിൽ പ്രസന്നനായി പഞ്ചാക്ഷരം ഉപദേശിക്കുകയും ചെയ്തു.
ആ മന്ത്രത്തിന്റെ മാഹാത്മ്യം കൊണ്ട് വാതപുരേശന് ജ്ഞാനവും കവിതാ നൈപുണ്യവും സിദ്ധിച്ചു. ശിഷ്യന്മാർ വേദം പഠിക്കുന്നത് കണ്ടുകൊണ്ട് അവിടെയിരുന്നു.അല്പനേരം കഴിഞ്ഞപ്പോൾ ഗുരുവിനെയും ശിഷ്യരെയും കണ്ടില്ല. അവർ അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. വാതപുരേശനോട് അവിടെ വസിക്കുവാൻ പറഞ്ഞതിനുശേഷം ആണ് ഗുരു അപ്രത്യക്ഷനായത്. അവരുടെ വേർപാട് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയെങ്കിലും വീണ്ടും കാണുവാൻ സാധിക്കും എന്ന് വിചാരിച്ച് കുറച്ചു ദിവസങ്ങൾ അവിടെ കഴിച്ചു. ശിവ ശിവ എന്ന നാമം ഉച്ചരിച്ചുകൊണ്ട് ശിവഭക്തരുടെ അകമ്പടിയോടുകൂടി അവിടെ നടന്നു.. കൈവശമുണ്ടായിരുന്ന ധനം അവർക്കും പ്രതിഷ്ഠാമൂർത്തിയായ ജനവനാഥനും സമർപ്പിച്ചു കുറച്ചു ധനം സുന്ദരേശ ഭഗവാനും എത്തിച്ചു..
കുതിരയെ വാങ്ങാൻ പണവുമായി പോയ വാതപുരേശന്റെ ഈ പ്രവർത്തികൾ മന്ത്രിമാർ അറിയാൻ ഇടയായി അവർ പാണ്ഡ്യ ഭൂപതിയെ ഇത് അറിയിച്ചു രാജാവ് കോപാകുലൻ ആവുകയും കത്തെഴുതി വാതപുരേശനെ അറിയിക്കുകയും ചെയ്തു. നല്ല കുതിരകളെ വാങ്ങുവാൻ ഭണ്ഡാരത്തിലുള്ള ധനം മുഴുവൻ എടുത്തുവെന്നും കുതിരകൾ വന്നുചേർന്നിട്ടില്ലെന്നും കാലതാമസം കൂടാതെ കുതിരകളുമായി വരണമെന്നും ഉള്ളതായിരുന്നു കത്തിന്റെ ഉള്ളടക്കം. വാതപുരേശൻ കത്ത് വായിച്ചതിനുശേഷം സുന്ദരേശ്വരനെയും മീനാക്ഷി ദേവിയെയും ധ്യാനിച്ചുകൊണ്ട് ജനവനാഥനെ സ്തുതിച്ച് ഇങ്ങനെ പ്രാർത്ഥിച്ചു..
“രാജാവ് കുതിരകളെ കൊണ്ടുവരണമെന്ന് അറിയിച്ചിരിക്കുന്നു. അദ്ദേഹം തന്ന ധനം കൊണ്ട് അശ്വങ്ങളെ വാങ്ങിയില്ല. സുന്ദരേശ ഭഗവാനും അങ്ങേക്കും ശിവഭക്തർക്കും ആ ധനം സമർപ്പിച്ചു. ധനം മുഴുവൻ തീർന്നു. ദയാനിധെ..!! ഞാനിനി എന്താണ് ചെയ്യേണ്ടത്”
വാദപുരേശന്റെ പ്രാർത്ഥന കേട്ടപ്പോൾ ഭഗവാന്റെ വാക്കുകൾ ആകാശത്തിൽ കൂടി കേട്ടു..
“നീ ഒട്ടും പേടിക്കേണ്ട രാജാവിനെ ഉപചാരപൂർവ്വം നീ എഴുത്തെഴുതി നൽകുക, ഭക്തനായ നിന്റെ കാര്യം സാധിപ്പിച്ചു തരുവാൻ ഞാനുണ്ട്..”
ഉടൻതന്നെ വാതപുരേശൻ പത്രം എഴുതി. “നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ അശ്വത്തെ വാങ്ങിക്കൊണ്ട് അങ്ങയുടെ സമീപം എത്താം. അശ്വങ്ങൾക്ക് വേണ്ടി പ്രത്യേകം ചാളകൾ നിർമിക്കണം. നഗരം മുഴുവൻ അലങ്കരിക്കണം പണ്ട് എന്നെ വിശ്വസിച്ചിരുന്നത് പോലെ തന്നെ എന്നെ വിശ്വസിക്കുക ദുർബുദ്ധികളുടെ വാക്കുകൾ അങ്ങ് കേൾക്കരുത്..” വാതപുരേശൻ ഇത്രയും കാര്യങ്ങൾ രാജാവിന് കൊടുക്കാൻ വേണ്ടി എഴുത്തു കൊണ്ടുവന്ന ദൂതനെ ഏൽപ്പിച്ചു.
ജ്ഞാനിയാണെങ്കിലും മനശ്ചാഞ്ചല്യത്തോട് കൂടിയാണ് അദ്ദേഹം ഉറങ്ങിയത്. ഭക്തന്റെ സംശയം തീർക്കുവാൻ ഭക്തവത്സലൻ സ്വപ്നത്തിൽ ഇങ്ങനെ പറഞ്ഞു..
“വാതപുരേശ നിന്നെപ്പോലെ ഭക്തിയുള്ള ഒരാൾ വേറെയില്ല നീ മനസ്സിൽ വിചാരിച്ചത് ഞാൻ സാധിച്ചു തരാം. നീ വേഗം തന്നെ രാജാവിന്റെ സമീപത്തേക്ക് പോകണം ഉത്തമാശ്വങ്ങളെ ഞാൻ അവിടെ നൽകാം കടം തീർത്ത് സ്വതന്ത്രൻ ആക്കാം.”
സ്വപ്നദർശനം കണ്ട വാതപുരേശൻ പെട്ടെന്ന് എഴുന്നേറ്റ് കുളിച്ച് ഭസ്മലേപനം ചെയ്തു ജനവനാഥനെ ദർശിച്ച നമസ്കരിച്ചതിനുശേഷം മധുരയിലേക്ക് പോയി
മന്ത്രിമാരോടോപ്പം ആസ്ഥാന മണ്ഡപത്തിൽ വസിക്കുന്ന രാജാവിനെ കണ്ടു. വാതപുരേശനെ കണ്ടപ്പോൾ അദ്ദേഹത്തിനും സന്തോഷമുണ്ടായി. മറ്റു മന്ത്രിമാരെ മാറ്റി നിർത്തിയതിനുശേഷം വാതപുരേശനോട് ഇങ്ങനെ ചോദിച്ചു. “എത്ര കുതിരകളെ വാങ്ങി അവയ്‌ക്ക് എത്ര ധനം കൊടുത്തു അവയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്..??”
വാതപുരേശൻ നൽകിയ മറുപടി ഇതായിരുന്നു.. “എത്ര കുതിരകളെ വാങ്ങിച്ചു എന്ന് ഇപ്പോൾ പറയാൻ ആവുകയില്ല. അനേകം ധനം കൊടുത്ത് അനേകം കുതിരകളെ വാങ്ങി. എല്ലാം നല്ല ലക്ഷണമുള്ള കുതിരകളാണ്. അവയുടെ സാമർത്ഥ്യവും അങ്ങേക്ക് കാണുമ്പോൾ അറിയാം. അവ കാരണം അങ്ങേക്ക് അശ്വപതി എന്ന പേര് ലഭിക്കും. ഇവയൊന്നും എന്റെ സാമർത്ഥ്യം കൊണ്ടല്ല സുന്ദരേശന്റെ കാരുണ്യമാണ് എല്ലാറ്റിനും കാരണം..”
രാജാവ് സസന്തോഷം ധനവും ആഭരണവും നൽകി. വാതപുരേശൻ ഹേമ പത്മിനിയിൽ സ്നാനം ചെയ്യുകയും ഭസ്മരുദ്രാക്ഷങ്ങൾ ധരിക്കുകയും ഗണപതിയെയും സുബ്രഹ്മണ്യനെയും വന്ദിക്കുകയും ചെയ്തു.. മീനാക്ഷി ദേവിയെ ദർശിച്ചതിനു ശേഷം സുന്ദരേശ സന്നിധാനത്തിൽ എത്തി ഹലാസ്യ നാഥനെ പ്രദിക്ഷണം ചെയ്യുകയും നമസ്കരിക്കുകയും സ്തുതിക്കുകയും ചെയ്തു.. കാര്യങ്ങളും ആഗ്രഹങ്ങളും അറിയിച്ചു അപ്പോൾ “ഖേദിക്കേണ്ട” എന്നൊരു അശരീരി ഉണ്ടായി രാജാവിന് അശങ്ങളെ നൽകി സുന്ദരേശ ഭഗവാൻ രക്ഷിക്കും എന്ന ദൃഢമായ വിശ്വാസം വാതപുരേശന് ഉണ്ടായി.
വാതപുരേശന്റെ ദൃഢവിശ്വാസത്തിൽ ബന്ധുക്കൾക്ക് വിശ്വാസമുണ്ടായില്ല. അവർ രാജാവ് ശിക്ഷിക്കുമെന്ന് ഭയന്നു. അവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“രാജാവ് നിങ്ങളെ ശിക്ഷിക്കുമെന്ന് ഭയപ്പെടേണ്ട. ഞാനും നിങ്ങളും തമ്മിൽ ബന്ധമൊന്നുമില്ല. കാരണം എനിക്ക് ലൗകിക ജീവിതത്തിനോട് ഒട്ടലോ ബന്ധമോ ഇല്ല ജനവനാഥന്റെ കാരുണ്യത്താൽ പുതിയ കുതിരകളെ രാജാവിന് നൽകിയ ശേഷം ഞാൻ എവിടെയെങ്കിലും പോയി സ്വതന്ത്രനായി ജീവിക്കും”
രാജാവ് വാതപുരേശനെ വരുത്തുകയും കുതിരകൾ വരുന്നതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു സുന്ദരേശനെ ധ്യാനിച്ചുകൊണ്ട് അദ്ദേഹം നാളെയോ മറ്റന്നാളോ കുതിരകൾ വരും എന്ന് മറുപടി നൽകി.
കുതിരകളെ സ്വീകരിക്കുവാൻ മധുരാപുരിയിൽ ഒരുക്കങ്ങൾ ആരംഭിച്ചു അതിനുശേഷം രാജാവും ജനങ്ങളും കുതിരകളെ പ്രതീക്ഷിച്ചുകൊണ്ട് അക്ഷമരായി സമയം ചെലവഴിച്ചു..
ഈ ലീല ശ്രവിച്ചാൽ സർവ്വകാമങ്ങളും മോക്ഷങ്ങളും സിദ്ധിക്കുമെന്നാണ് ഫലശ്രുതി
അടുത്ത ഹാലാസ്യ മാഹാത്മ്യം59 – മായാശ്വങ്ങളുടെ വിക്രയം ..
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും.















