ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തവണയും ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ഹാമിനെ തോൽപ്പിച്ചാണ് തുടർച്ചയായ കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. 91 പോയിന്റുമായി, തുടർച്ചയായ നാലാം തവണയും കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും സിറ്റിക്ക് സ്വന്തമായി.
ആദ്യ പകുതിയിൽ തന്നെ സിറ്റി മത്സരം തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. 2-ാം മിനിറ്റിലും 18-ാം മിനിറ്റിലുമാണ് സിറ്റി വലകുലുക്കിയത്. ഫിൽ ഫോഡനായിരുന്നു ഇരട്ടഗോളുകളുമായി സിറ്റിക്കായി തിളങ്ങിയത്. 42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്ട്രൈക്കർ മുഹമ്മദ് കുദൂസിലൂടെ ആശ്വാസ ഗോൾ നേടിയത്.
59-ാം മിനിറ്റിൽ റോഡ്രിയിലൂടെ സിറ്റി സിറ്റി ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. 10- ാം തവണയാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നേടുന്നത്. പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് കീഴിൽ 7 സീസണുകളിൽ നിന്ന് ആറ് കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി നേടിയിട്ടുള്ളത്.