പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഗുരുവായൂരമ്പല നടയിൽ വൻ ഹിറ്റ്. ആദ്യദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. 2024-ലെ ഹിറ്റുകളായ പ്രേമലുവിനെയും ആടുജിവിതത്തെയും മഞ്ഞുമ്മൽ ബോയ്സിനെയുമൊക്കെ കടത്തിവെട്ടുന്ന കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 45 കോടിയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്.
നാലാം ദിവസമായ ഇന്നലെ കേരളത്തിൽ നിന്ന് മാത്രം ആറ് കോടിയാണ് ചിത്രം നേടിയത്. ഈ കളക്ഷൻ കുതിപ്പ് തുടരുകയാണെങ്കിൽ ഉടൻ തന്നെ 50 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന മുഴുനീള കോമഡി ചിത്രമാണിതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ്- ബേസിൽ കോംബോയുടെ ഉഗൻ പ്രകടനമായിരുന്നു ചിത്രത്തിലുടനീളം എന്നും പ്രേക്ഷകർ പറയുന്നു.
മലയാളത്തിൽ ഈ വർഷം ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഹൗസ്ഫുൾ ഷോകൾ നേടിയ ചിത്രം എന്ന ലേബലുകൂടി സ്വന്തമാക്കിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഇതുവരെ 20 ലക്ഷത്തോളം പേർ സിനിമ കണ്ടുവെന്നും റിപ്പോർട്ടുണ്ട്. ഒരു കല്യാണം നടത്തുന്നതിനുള്ള തത്രപ്പാടും തുടർന്നുണ്ടാകുന്ന കോലാഹലവുമാണ് ചിത്രത്തിന്റെ പ്രമേയം. കല്യാണം മുടക്കുന്നതിൽ നിന്ന് ആരംഭിച്ച് കല്യാണം നടത്തുന്നത് വരെയുള്ള രസകരമായ മുഹൂർത്തങ്ങളാണ് സിനിമ പറയുന്നത്.
വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. ജഗദീഷ്, രേഖ, ബൈജു, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.















