ബെംഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ നിന്നാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. ഫാംഹൗസിൽ നടത്തിയ പരിശോധയിൽ എംഡിഎംഎയും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
തെലുങ്ക്, കന്നഡ സീരിയിൽ നടിമാർ ഉൾപ്പെടെ പാർട്ടിയിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശ്, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നായി നൂറിലേറെ പേരും പാർട്ടിയിൽ പങ്കെടുത്തു. ടെലിവിഷൻ താരങ്ങളും നടിമാരും മോഡലുകളും ഉൾപ്പെടെയുള്ളവർ പാർട്ടിയിലുണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഫാം ഹൗസിൽ പാർട്ടി സംഘടിപ്പിച്ചത്. 35 ലക്ഷം ചെലവ് വരുന്ന പാർട്ടിയിൽ ഇയാൾ നേരിട്ടെത്തിയാണ് നേതൃത്വം നൽകിയത്.
ഇന്നലെ വൈകിട്ട് അഞ്ചുമണി മുതൽ പുലർച്ചെ ആറുമണി വരെയായിരുന്നു പാർട്ടി നടന്നത്. അനുവദിച്ച സമയം കഴിഞ്ഞും പാർട്ടി നടത്തിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘കോണ്‍കോഡി’ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജിആര്‍ ഫാം ഹൗസ്. സ്ഥലത്ത് നിന്ന് നിരവധി ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പാർട്ടിയിലുണ്ടായിരുന്ന പലരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫാം ഹൗസിൽ പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















