പൂനെയിൽ രണ്ടുപേരെ കാറുകയറ്റി കൊലപ്പെടുത്തിയ കേസിൽ ബിൾഡറുടെ 17-കാരനായ മകന് ജാമ്യം. പ്രാദേശിക കോടതിയാണ് കുറ്റം ജാമ്യം നിഷേധിക്കാൻ തക്ക ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയത്. റോഡ് അപകടങ്ങളുടെ ഫലങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ 300 വാക്കിന്റെ ഉപന്യാസം എഴുതിപ്പിച്ച ശേഷമാണ് ജാമ്യം നൽകിയത്.
ഹീനമായ കുറ്റകൃത്യമായതിനാൽ ഇയാളെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പൂനെ കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതി പോർഷെ കാറിലാണ് 200 കിലോ മീറ്ററിലധികം വേഗത്തിൽ പാഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കല്യാണി നഗറിലാണ് ദമ്പതികളെ ഇടിച്ചുകൊലപ്പെടുത്തിയത്. ഐടി ജീവനക്കാരായ ദമ്പതികളാണ് മരിച്ചത്.
കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹീനമായ കുറ്റകൃത്യമാണെന്ന് തെളിയിക്കാനുള്ള ഒരു പഴുതും ഞങ്ങൾ അവശേഷിപ്പിക്കില്ല–കമ്മിഷണർ പറഞ്ഞു. .ഇന്നലെ പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്. കാർ കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറിൽ നമ്പർ പ്ലേറ്റുമുണ്ടായിരുന്നില്ല.