അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായ ഐഎസ് ഭീകരർ ബിജെപി-ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. അറസ്റ്റിലായ നാല് ഭീകരരും ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നു. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരെയാണ് മെയ് 19 ഞായറാഴ്ച ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഭീകരർ ശ്രീലങ്കൻ പൗരന്മാരാണ്. കൊളംബോയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിലെത്തിയതാണ് ഇവർ. ഗുജറാത്തിൽ ചാവേർ ആക്രമണങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദു നേതാക്കളെയും ജൂതന്മാരെയും ലക്ഷ്യമിട്ട ഈ ഭീകരർ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് ഭീകരൻ അബുവുമായി ബന്ധപ്പെട്ടിരുന്നു. പിടിയിലായ ഭീകരരിൽ ഒരാൾക്ക് പാകിസ്താൻ വിസയും ഉണ്ട്. ഇയാൾ അവരുടെ ഹാൻഡ്ലറെ കാണാൻ പോയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.