ന്യൂഡൽഹി: പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ബിഭവ് കുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ പദവി ലേഡി സിങ്കം എന്നതിൽ നിന്ന് പാർട്ടി നേതാക്കൾ തന്നെ ബിജെപി ഏജന്റ് എന്നാക്കി മാറ്റിയെന്നും സ്വാതി മലിവാൾ ആരോപിച്ചു. തനിക്കെതിരെ ഉന്നയിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ഇവർക്കെതിരെ കേസ് നൽകുമെന്നും സ്വാതി വ്യക്തമാക്കി.
” ബിഭവ് കുമാറിനെതിരെ പരാതി നൽകുന്നത് വരെ ഞാൻ അവർക്ക് ലേഡി സിങ്കം ആയിരുന്നു. പക്ഷേ ഇപ്പോഴത് ബിജെപി ഏജന്റ് എന്നായി മാറിയിരിക്കുന്നു. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ ഞാൻ കോടതി കയറ്റിയിരിക്കും. അഴിമതിയുടെ പേരിൽ എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് ബിജെപിയുടെ നിർദേശപ്രകാരമാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നാണ് ഡൽഹിയിലെ മന്ത്രിമാർ എനിക്കെതിരെ ആരോപിക്കുന്നത്. എട്ട് വർഷം മുൻപ് 2016ലാണ് ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതിന് ശേഷം രണ്ട് തവണയാണ് എന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. അന്നത്തെ കേസ് പോലും വ്യാജമാണ്. ഞാൻ ഇന്ന് ജനങ്ങൾക്ക് മുന്നിൽ സത്യം പറഞ്ഞത് കൊണ്ടാണ് എനിക്കെതിരെ അവർ ട്രോൾ ആർമിയെ ഇറക്കിയത്. പാർട്ടിയിലെ എല്ലാവരേയും എനിക്കെതിരെ നിർത്തി. സ്വാതിയുടെ പേഴ്‌സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്‌ക്കണമെന്നാണ് ഈ നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറഞ്ഞത്.
എന്റെ ബന്ധുക്കളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു നുണയും ഒരു കാലവും നിലനിൽക്കില്ല എന്ന സത്യം നിങ്ങൾ മനസിലാക്കണം. അധികാരത്തിന്റെ ലഹരിയിൽ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ എന്താണെന്ന് തിരിച്ചറിയണം. പ്രചരിപ്പിക്കുന്ന ഒാരോ നുണകൾക്കും നിങ്ങളെ ഞാൻ കോടതിയിൽ കൊണ്ടു പോയിരിക്കുമെന്നും” സ്വാതി തന്റെ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.