64-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. അർദ്ധരാത്രി 12 മണിക്കാണ് മമ്മൂട്ടി പിറന്നാൾ ആശംസ നേർന്ന് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ടത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ മുത്തം വയ്‌ക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവച്ചിട്ടുള്ളത്.
നാല് പതിറ്റാണ്ടായി അഭ്രപാളിയിൽ വിസ്മയം തീർക്കുകയാണ് മോഹൻലാൽ. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെയാണ് ലാലേട്ടനെ ഫാസിൽ മലയാളത്തിന് സമ്മാനിച്ചത്. വില്ലൻ വേഷത്തിൽ സിനിമാ ജീവിതം ആരംഭിച്ച മോഹൻലാൽ ഇപ്പോൾ ബറോസിലൂടെ സംവിധായകന്റെ മേലങ്കി അണിയുകയാണ്.
മോഹൻലാലിന്റെ നടന ശൈലിയിൽ അനശ്വരമാക്കിയ പല കഥാപാത്രങ്ങളും തലമുറകൾക്കിപ്പുറവും മലയാളി മനസുകളിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളി ജീവിതവുമായി ലയിച്ച് ചേർന്നിരിക്കുകയാണ് ലാൽ പ്രഭാവം. അയാൾ ചിരിക്കുമ്പോൾ മലയാളിയും ചിരിച്ചു. റെയ്ബാൻ ഗ്ലാസ് വച്ചപ്പോൾ മലയാളിയും ഒപ്പം വച്ചു, മുണ്ടുടുത്ത് കണ്ണാടിക്ക് മുൻപിൽ ഓരോ മലയാളിയും മോഹൻലാലിനെ മനസിൽ സങ്കൽപ്പിക്കുന്നു. അത്രത്തോളമുണ്ട് ലാലേട്ടന്റെ സ്വാധീനമെന്ന് ചുരുക്കം.