കൊൽക്കത്ത: പണം കൊടുത്താൽ ബംഗാളിൽ ജോലി കിട്ടുമെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ എല്ലാ ജോലികളും തൃണമൂൽ കോൺഗ്രസ് നശിപ്പിച്ച് വച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ വികസനത്തിൽ നിന്ന് പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഛാർഗ്രാമിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഒരു വശത്ത് നരേന്ദ്രമോദിയുടെ റിപ്പോർട്ട് കാർഡും മറുവശത്ത് തൃണമൂൽ കോൺഗ്രസിന്റെ റേറ്റ് കാർഡുമാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് എല്ലാ ജോലികൾക്കും വേണ്ടി റേറ്റ് കാർഡ് വച്ചിരിക്കുകയാണ്. പണം കൊടുക്കൂ ജോലി നേടൂ എന്നതാണ് ബംഗാളിൽ നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ ഓരോ ജോലിയും ലേലം ചെയ്ത് വിറ്റുകൊണ്ട് നമ്മുടെ യുവാക്കളുടെ ഭാവി വെള്ളത്തിലാക്കിയിരിക്കുകയാണ്.
കോൺഗ്രസ് ഒരു മുങ്ങിയ കപ്പലാണ്. തൃണമൂൽ കോൺഗ്രസിന്റെ കപ്പലിലാണെങ്കിൽ ഇപ്പോൾ ഒരു ദ്വാരം വന്നിരിക്കുകയാണ്. ജനങ്ങൾ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യില്ല. അതുകൊണ്ട് അവർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നേരത്തെ കോൺഗ്രസുകാർക്കെതിരെ വലിയ വിമർശനമാണ് തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർ സഖ്യത്തിന്റെ ഭാഗമാണെന്ന് പറയുന്നു. പക്ഷേ ജനങ്ങൾക്ക് എല്ലാക്കാര്യവും മനസിലാകും.
ബംഗാളിനെ പിന്നോട്ട് വലിക്കുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്. വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇക്കൂട്ടർ നശിപ്പിച്ചു. നിങ്ങളുടെ ഓരോ വോട്ടും തൃണമൂൽ കോൺഗ്രസിനുള്ള മറുപടി ആയിരിക്കണം. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം എടുത്തുകളഞ്ഞ് അത് മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കാര്യം രാഹുൽ തുറന്ന് പറയുന്ന ഒരു വീഡിയോ താൻ കണ്ടിട്ടുണ്ടെന്നും” പ്രധാനമന്ത്രി പറയുന്നു.