ഐപിഎല്ലിൽ അടുത്ത സീസണിൽ ധോണിയുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. എല്ലാം താരത്തിന്റെ തീരുമാനം പോലെയെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇതിനിടയിൽ ദുബായ് ഐ 103.8 എന്ന യൂട്യൂബ് ചാനലിന് ധോണി നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ശാരീരികക്ഷമത നിലനിർത്താതെ ഐപിഎൽ പോലുള്ള ടൂർണമെന്റിൽ കളിക്കാനാവില്ലെന്നാണ് താരം പറഞ്ഞത്. പ്രായത്തിന്റെ അനുകൂല്യം അവിടെ ലഭിക്കില്ലെന്നും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളോടാണ് മത്സരിക്കേണ്ടതെന്നും ധോണി പറഞ്ഞു.
ഒരു വർഷം മുഴുവനും ഞാൻ ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എന്നാലും എല്ലായിപ്പോഴും ഫിറ്റായിരിക്കുകയും വേണം. കളിക്കളത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സജീവമായി ഇരിക്കുന്നവരെയാണ് നേരിടേണ്ടി വരിക. ഫിറ്റ് അല്ലെങ്കിൽ അവർക്കൊപ്പം പിടിച്ചു നിൽക്കാൻ സാധിക്കില്ല. പ്രൊഫഷണൽ കരിയർ അത്ര എളുപ്പമല്ല. നമ്മൾ ഫിറ്റല്ലെങ്കിൽ പ്രായത്തിന്റെ ആനുകൂല്യമൊന്നും ലഭിക്കില്ല. കളിക്കളത്തിൽ സജീവമാകണമെങ്കിൽ എപ്പോഴും മറ്റുള്ളവരെ പോലെ ഫിറ്റായിരിക്കണം. അതിനാൽ ഭക്ഷണത്തിലും പരിശീലനത്തിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ദുബായ് ഐ 103.8 പങ്കുവച്ച വീഡിയോയിൽ ധോണി പറഞ്ഞു.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. മാനസികമായി സന്തോഷത്തോടെയിരിക്കാനും ഞാൻ ആഗ്രഹിച്ചു. എനിക്ക് കൃഷി ഇഷ്ടമാണ്, ബൈക്കോടിക്കാൻ ഇഷ്ടമാണ്, വിൻറേജ് കാറുകളോട് പ്രിയമുണ്ട്. സമ്മർദ്ദമുണ്ടെന്ന് തോന്നിയാൽ ഞാൻ ഗ്യാരേജിൽ പോയി വാഹനങ്ങൾക്കൊപ്പം ചെലവഴിക്കും. കുറച്ച് സമയം അവിടെ ചെലവഴിക്കുമ്പോഴേക്കും ഞാൻ ഓക്കെയാകും. അതുപോലെ തന്നെ വളർത്തു മൃഗങ്ങളായ പൂച്ചയോടും നായയോടും എനിക്ക് ഇഷ്ടമുണ്ട്. നായ്‌ക്കളോടാണ് ഒരുതരി ഇഷ്ടം കൂടുതൽ. വളർത്തു മൃഗങ്ങൾക്ക് ഉപാധികളില്ലാത്ത സ്‌നേഹമുണ്ട്. മത്സരത്തിൽ തോറ്റാലും ജയിച്ചാലും എന്റെ വളർത്തുനായ എന്നെ ഒരേ രീതിയിലാണ് സ്വീകരിക്കാറുള്ളതെന്ന് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്.
സിഎസ്‌കെയിൽ എനിക്ക് വളരെയധികം ബഹുമാനം ലഭിക്കുന്നുണ്ട്. നമുക്ക് ആരോടും ബഹുമാനം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. അത് തനിയെ ലഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രെഫഷണലാകുന്നതിനെ പറ്റിയാണ് ഇന്ത്യയിൽ ആളുകൾ സംസാരിക്കുന്നത്. ഭാരതീയർ പ്രൊഫഷണലാണെങ്കിലും ഞങ്ങളുടെ വൈകാരിക ബന്ധം കൂടുതൽ ശക്തമാണ്. എന്റെ ശക്തിയും ആ വൈകാരിക ബന്ധമാണെന്നാണ് ഞാൻ കരുതുന്നതെന്നും ധോണി അഭിമുഖത്തിൽ പറഞ്ഞു.