പ്ലേ ഓഫിലേക്ക് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് കൊൽക്കത്ത. ഹൈദരാബാദ് ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം അടിച്ചു തകർത്ത് കൊൽക്കത്ത ഫൈനലിൽ. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. ഹൈദരാബാദ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. നായകൻ ശ്രേയസ് അയ്യർ(58*), വെങ്കടേഷ് അയ്യർ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കൊൽക്കത്തയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത തകർത്തടിച്ചു കൊണ്ടാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും (23) സുനിൽ നരെയ്‌നും (21) വീശിയടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റിൽ 44 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. മൂന്നാം ഓവറിൽ ഗുർബാസിന്റെ വിക്കറ്റാണ് കെകെആറിന് ആദ്യം നഷ്ടമായത്. ടി നടരാജൻ താരത്തെ വ്യാസ്കാന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ വെങ്കടേഷ് അയർ നരെയ്‌ന് പിന്തുണ നൽകിയതോടെ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. പിന്നാലെ സുനിൽ നരെയ്‌നും 21 റൺസുമായി മടങ്ങി. പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്.
പിന്നാലെ ക്രീസിലൊന്നിച്ച വെങ്കടേഷ് അയ്യർ – ശ്രേയസ് അയ്യർ സഖ്യത്തിന്റെ പക്വതയാർന്ന പ്രകടനത്തിൽ ഹൈദരാബാദ് ബൗളർമാർ വിയർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരുടെയും ബാറ്റിൽ നിന്ന് പിറന്ന 97 റൺസാണ് ഫൈനലിലേക്ക് സമ്മർദ്ദമില്ലാതെ ടിക്കറ്റ് ഉറപ്പിക്കാൻ സഹായിച്ചത്. അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ 38 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു
24 പന്തിൽ നിന്ന് 5 ഫോറും 4 സിക്‌സും സഹിതം 58 റൺസാണ് നായകൻ ശ്രേയസിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 5 ഫോറും 4 സിക്‌സുമാണ് വെങ്കടേഷിന്റെ ഇന്നിംഗ്‌സിൽ. ഇരുവരുവരും പുറത്താകാതെയാണ് വിജയത്തിൽ പങ്കാളിയായത്. ഹൈദരാബാദിനായി നടരാജനും പാറ്റ് കമ്മിൻസും ഒരു വിക്കറ്റ് വീതം വീഴ്‌ത്തി. തോറ്റെങ്കിലും ഫൈനലിന് യോഗ്യത നേടാൻ ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ -ബെംഗളൂരു മത്സരത്തിലെ വിജയികളെ 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ തോൽപ്പിക്കണം.