ന്യൂഡൽഹി: കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്തത് ബിജെപി വെറും പത്ത് വർഷം കൊണ്ട് ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം കൊണ്ട് രാജ്യം വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെ കുറിച്ചും വികസനത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കമൽജീത് സെഹ്‌രാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയുടെ നല്ല നാളെയ്‌ക്കായി സെഹ്റവത്തിനെ പിന്തുണയ്‌ക്കണമെന്നും വിജയിച്ചാൽ വികസനം കാഴ്ച വയ്‌ക്കുമെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തിന് സത്യസന്ധരായ മികവുറ്റ നേതാക്കളുണ്ട്. കഴിവുള്ള നേതൃത്വത്തിന് കീഴിൽ മാത്രമേ രാജ്യം അഭുവൃദ്ധിപ്പെടുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും. ഭാരതം വിശ്വഗുരു ആകുന്നത് സ്വപ്നം കാണുന്ന ഭാരതീയർ തീർച്ചയായും ബിജെപിയെ പിന്തുണയ്‌ക്കണം. ഇതിന് പുറമേ ഡൽഹിയുടെ ആയുസ് 10 വർഷം വർദ്ധിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം ആവിഷ്കരിക്കുമെന്നും ഗഡ്കരി ജനങ്ങൾക്ക് ഉറപ്പ് നൽകി.
ഡൽഹിയെ ജല, ശബ്ദ, വായു മലിനീകരണത്തിൽ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 60 വർഷമായി ഡൽഹിയുടെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചില്ലെന്നും ബിജെപി സർക്കാർ മാത്രമാണ് ഡൽഹിക്ക് കൈത്താങ്ങായുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യതലസ്ഥാനത്ത് നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.