ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ. ഡൽഹി ദക്ഷിണമേഖലയിലെ ബിജെപി സ്‌ഥാനാർത്ഥി രാംവീർ സിംഗ് ബിധുരിക്കായുള്ള തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം വട്ടവും ജനങ്ങൾ മോദിയെ അധികാരത്തിലെത്തിച്ചാൽ അദ്ദേഹം പാക് അധീന കശ്മീർ തിരികെപിടിക്കുമെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
ഭാരത മാതാവിന്റെയും ഡൽഹിയിലെയും ജനങ്ങളുടെയും അഭിമാനം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുമെന്നു പറഞ്ഞ ചൗഹാൻ ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. റാലിയിൽ അദ്ദേഹം കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ആം ആദ്മി പാർട്ടി കെട്ടിപ്പടുക്കാൻ സഹായിച്ചവരെ തന്നെ കെജ്‌രിവാൾ ചതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു..
“കെജ്‌രിവാൾ ഒരുപാട്പേരെ ചതിക്കുകയും അവരെ തന്റെ പാതയിൽ നിന്നും ഒതുക്കി നിർത്തുകയും ചെയ്തു. അണ്ണാ ഹസാരെ, പ്രശാന്ത് ഭൂഷൺ, കുമാർ വിശ്വാസ് ഇവരുടെയെല്ലാം കാര്യത്തിൽ ഇത് തന്നെയാണ് സംഭവിച്ചത്. സ്വാതി മാലിവാളും ഇപ്പോൾ ആ പട്ടികയിലേക്ക് വന്നിട്ടുണ്ട്,”അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ ശരിയായ രീതിയിൽ ഭരിക്കാൻ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ രാജ്യത്തെ ഫലപ്രദമായി നയിക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.