എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്ന സർക്കാരിന്റെ ഉപഹർജി ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. മെമ്മറി കാര്‍ഡ് കേസിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
ജില്ലാ കോടതികളുടെ ചുമതലയുള്ള ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത്. കേസ് വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണം. ഉപഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും റിപ്പോര്‍ട്ട് നല്‍കണം.
മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്.